Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗാനകോകിലം എസ്. ജാനകിയമ്മയുടെ വിടവാങ്ങൽ; മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ ശ്രദ്ധേയമായി സംഗീതാർച്ചന

മാനന്തവാടി: അന്തരിച്ച പ്രശസ്‌ത ഗായിക എസ്. ജാനകിയമ്മയുടെ സ്‌മരണയ്ക്കായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വി.എച്ച്. എസ് ഇ .വിഭാഗം സംഘടിപ്പിച്ച സംഗീതാർച്ചനയും ഫ്രഷേഴ്സ് ഡേ ആഘോഷവും സവിശേഷമായ ഒരനുഭവമായി മാറി. പ്രിയ ഗായികയ്ക്ക് ഹൃദയപൂർവ്വം ബാഷ്പാഞ്ജലി അർപ്പിച്ചാണ് സ്കൂ‌ളിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കുചേർന്നത്. സ്‌കൂളിലെ ഫ്രഷേഴ്‌സ് ഡേ പരിപാടി, സംഗീത ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച എസ്. ജാനകിയമ്മയ്ക്കായി സമർപ്പിക്കുകയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ പി.വി.എസ്. മൂസ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്റ് എൻ.ജെ. ഷജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാനകിയമ്മയുടെ ഓർമകൾക്ക് സംഗീതാർച്ചനയൊരുക്കി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രശസ്ത‌ ഗാനങ്ങൾ ആലപിച്ചു.

‘വിഷുക്കണി’ എന്ന ചിത്രത്തിലെ ഗാനത്തോടെ വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷാണ് സംഗീതാർച്ചനയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർത്ഥികൾ ചേർന്ന് ജാനകിയമ്മയുടെ അനശ്വര ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥി പി. അഭിരാം കൃഷ്ണ വയലിനിൽ വായിച്ച ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനം സദസ്സിന് നവ്യാനുഭൂതിയായി. തുടർന്ന് ഹയർ സെക്കണ്ടറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ജി.വി. ബീറ്റ്സ് കോഡിനേറ്ററുമായ എ.പി. അജീഷ് ആലപിച്ച ‘തേനും വയമ്പും’ എന്ന ഹിറ്റ് ഗാനത്തോടെ സംഗീതാർച്ചനയ്ക്ക് തിരശ്ശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *