അമ്പലവയലിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
അമ്പലവയൽ: യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനുമായി ഓപ്പറേഷൻ തണ്ടർ, ഓപ്പറേഷൻ തൂഫാൻ മുതയായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി
എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അമ്പലവയൽ സി.എസ്.ഐ. സെന്റ് പോൾസ് ചർച്ചിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ബോധവൽക്കരണ സെമിനാർ, ആവേശകരമായ ഗോൾ ചലഞ്ച്, സിഗ്നേച്ചർ ക്യാമ്പെയ്ൻ മുതലായവ സംഘടിപ്പിച്ചു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ലഹരിയെന്ന മാരക വിപത്തിനെതിരെ സമൂഹത്തിലെ ഓരോ വ്യക്തിയും നിരന്തരമായ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പുതുതലമുറയെ ലഹരിയുടെ കെണിയിൽ നിന്നു വീണ്ടെടുക്കാൻ കുടുംബവും സമൂഹവും പരസ്പരം കൈകോർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എസ്.ഐ.സെന്റ് പോൾസ് ചർച്ച് സെക്രട്ടറി ഷിനു ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ഇടവക ചെയർമാൻ പി.വി.ചെറിയാൻ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ ‘ഗോൾ ചലഞ്ചും’ ഒപ്പുശേഖരണവും നടത്തി.
സെമിനാറിനോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിച്ച ‘ഗോൾ ചലഞ്ച്’ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. ലഹരിക്കെതിരെയുള്ള പ്രതീകാത്മക പോരാട്ടമായി മാറിയ കായിക ചാലഞ്ചിനൊപ്പം, പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സംഘടിപ്പിച്ച ‘സിഗ്നേച്ചർ ക്യാമ്പെയ്നും’ (ഒപ്പുശേഖരണം) ഏറെ ശ്രദ്ധേയമായി.ലഹരിമുക്ത സമൂഹത്തിനായി നിരവധി പേർ ക്യാമ്പെയ്നിൽ പങ്കാളികളായി ഒപ്പുവച്ച് തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
യുവജനങ്ങളും സഭാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വി.ടി.സാബു നന്ദി രേഖപ്പെടുത്തി
