Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ ചിതലെടുത്ത് നശിക്കുന്നു; മാനന്തവാടിയിൽ അധികൃതരുടെ അനാസ്ഥയെന്ന് പരാതി

മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫീസിന് പിന്നിൽ മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ സംരക്ഷിക്കാനാകാതെ നശിക്കുന്നു. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന്റെ ഭാഗമായി അഞ്ച് മാസം മുമ്പ് മുറിച്ചുമാറ്റിയ ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങളാണ് ഇപ്പോൾ ചിതലെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ഖജനാവിലേക്ക് എത്തേണ്ട വലിയൊരു തുക അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതാകുന്നതിൽ പ്രതിഷേധം ശക്തമാണ്.

മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഈ മരങ്ങൾ മുറിച്ചുമാറ്റിയത്. എന്നാൽ മുറിച്ചയുടൻ തന്നെ ഈ മരത്തടികളും വിറകും വനംവകുപ്പിന്റെ സഹകരണത്തോടെ ലേലം ചെയ്ത് വിൽക്കാൻ അധികൃതർ തയ്യാറായില്ല. ഇതിന്റെ ഫലമായി വെയിലും മഴയുമേറ്റ് തടികൾ ദ്രവിക്കാനും ചിതൽ പിടിക്കാനും തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി.

വിലപിടിപ്പുള്ള ആഞ്ഞിലി മരങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ നശിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ഭൂമിയിലെ മരങ്ങൾ കൃത്യസമയത്ത് ലേലം ചെയ്തിരുന്നെങ്കിൽ ലക്ഷക്കണക്കിന് രൂപ സർക്കാരിന് വരുമാനമായി ലഭിക്കുമായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് മരങ്ങൾ ഇനിയും നശിക്കാതെ ലേലം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *