ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച് റോഡ് പണി നാളിതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് ഡെവലപ്പേര്‍ഡ്‌സ് എന്ന കണ്‍സഷന്‍ കമ്പനിയാണ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍ കരാറുകാരന്റെ അനാസ്ഥ മൂലം ഗവണ്‍മെന്റ് അദ്ദേഹത്തെ ടെര്‍മിനേറ്റ് ചെയ്തിരുന്നു. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ റോഡ് പിന്നീട് 12 കിമീ, 10 കിമീ എന്നിങ്ങനെ 2 റീച്ച് ആയി മാറ്റിയാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചത്. ഇതില്‍ നടവയല്‍ മുതല്‍ പനമരം വരെ 10 കിമീ റോഡ് പ്രവൃത്തി നടക്കുന്നു എങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ബത്തേരിയില്‍ നിന്നും മാനന്തവാടി വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന, വളരെ എളുപ്പത്തില്‍ പോകാവുന്ന ഈ റോഡിന്റെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് അദ്ധേഹം നിയമസഭയില്‍ നടത്തിയ സബ്മിഷനില്‍ ആവശ്യപ്പെട്ടു. പ്രസ്തുത റോഡിന്റെ വീതി ഏകീകരിക്കുകയും ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് കൂടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും സാമ്പത്തിക അനുമതി ലഭിക്കുന്ന മുറയ്ക്ക് സാങ്കേതിക അനുമതി നല്‍കി എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും മറുപടിയായി ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു
