Event More NewsFeature NewsNewsPoliticsPopular NewsRecent News

വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കൈത്താങ്ങ്; പ്രോജക്ട് കൺസൾട്ടൻസി വിങ്ങുമായി വനിതാ വികസന കോർപറേഷൻ

തിരുവനന്തപുരം: വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സംരംഭകത്വ രംഗത്ത് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രോജക്ട് കൺസൾട്ടൻസി വിങ്ങ് (പിസിഡബ്ല്യു) എന്ന പേരിൽ സംരംഭക സഹായ പദ്ധതി ആരംഭിക്കുന്നു. ഓൺലൈനിലൂടെയോ വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസുകളിലൂടെയോ പ്രൊഫഷണൽ ബിസിനസ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ഥിരതയുള്ള ഉപജീവന മാർഗങ്ങൾ കണ്ടെത്തുന്നതിൽ വനിതകളും ട്രാൻസജെൻഡർ വ്യക്തികളും നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവർക്ക് സ്ഥിരതയുള്ള മൈക്രോ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ സഹായം നൽകുന്നതാണ് പ്രോജക്‌ട് കൺസൾട്ടൻസി വിങ്ങ് പദ്ധതി. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനോ നിലവിലുള്ളത് വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവർക്കായി ആശയ വികസനം, സാധ്യതാ പഠനം, നിയമ നടപടികൾ, പ്രോജക്ട് തയ്യാറാക്കൽ, ധനകാര്യ ആസൂത്രണം, ഡിജിറ്റൽ ബ്രാൻഡിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര കൺസൾട്ടൻസി സഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇതിനായി അതാത് മേഖലകളിലെ വിദഗ്‌ധരുടെ പാനൽ രൂപീകരിക്കും.

കേരളത്തിലുടനീളമുള്ള വനിത, ട്രാൻസ്ജെൻഡർ വ്യക്തികൾക്കിടയിൽ ദീർഘകാല സാമ്പത്തിക ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാനാണ് വനിതാ വികസന കോർപറേഷൻ ലക്ഷ്യമിടുന്നത്. സംരംഭകത്വത്തിന് മാന്യതയും സ്വാതന്ത്ര്യവും സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ സ്ത്രീകളെയും ട്രാൻസ്ജെൻഡർ വ്യക്തികളെയും ഈ മാന്യതയും സ്വാതന്ത്ര്യവും നേടിയെടുക്കാൻ പ്രാപ്തരാക്കി, അവരെക്കൂടി ഉൾക്കൊള്ളുന്ന സാമൂഹിക വളർച്ചയും സാമ്പത്തിക വളർച്ചയും കൈവരിക്കാനാണ് പ്രോജക്‌ട് കൺസൾട്ടൻസി വിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്‌ടർ ബിന്ദു.വി.സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *