ഡിസൈൻ ദഡെസ്റ്റിനേഷൻ’: അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു
പനമരം: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്കൂകൂളുകളിലെ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ത്രിദിന വയനാട് ജില്ലാതല റസിഡൻഷ്യൽ പരിശീലന ക്യാമ്പ് ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ പനമരത്ത് സമാപിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി. അബ്ദുൾ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, കരിയർ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർഥികളിലെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനും ആത്മഹത്യാ പ്രവണതകൾ പ്രതിരോധിക്കുന്നതിനും സഹായകമായ ‘സൂയിസൈഡൽ പ്രിവൻഷൻ’ എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.എസ്. മേഘ ക്ലാസ് നയിച്ചു.
കൗമാരക്കാരുടെ മാനസികവൈകാരിക ഘട്ടങ്ങളെ ശാസ്ത്രീയമായി സമീപിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന ‘കൗമാരത്തെ അറിയാൻ’ എന്ന വിഷയത്തിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കൈലാഷ് ബാലകൃഷ്ണനും, മാറുന്ന കാലത്തെ സാധ്യതകൾ വിശദമാക്കിക്കൊണ്ട് ‘കരിയർ കൗൺസിലിംഗ്’ എന്ന വിഷയത്തിൽ മനോജ് ജോണും സെഷനുകൾ കൈകാര്യം ചെയ്തു. ഹയർ സെക്കൻഡറി തലത്തിൽ കുട്ടികളുടെ സമഗ്ര മാനസികാരോഗ്യമാണ് സൗഹൃദ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നതെന്നും അവരുടെ ഭാവിയും കരിയർ തിരഞ്ഞെടുപ്പുകളും കൃത്യമായി രൂപപ്പെടുത്താൻ കരിയർ ക്ലബ്ബ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പരിശീലന പരിപാടിയുടെ ഭാഗമായി മുൻ ജില്ലാ
കോർഡിനേറ്റർ എം.കെ. ഷിവി, കരിയർ പരിശീലകരായ മനോജ് ജോൺ, ജിനീഷ് മാത്യു എന്നിവർക്ക് യാത്രയയപ്പും ചുമതലയേറ്റ പുതിയ സ്വീകരണവും നൽകി. ജില്ലാ കോർഡിനേറ്റർ പി. അബ്ദുൾ ജലീലിന് മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി. സിമിൽ, ബിനു ടോം, അജ്മൽ സാദിഖ്, വി.ജെ. മനോജ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള അധ്യാപക
കോർഡിനേറ്റർമാർ പരിശീലനത്തിൽ പങ്കെടുത്തു
