പടിഞ്ഞാറത്തറ എബിസി കേന്ദ്രം പ്രവർത്തനം തുടങ്ങി
കൽപറ്റ : കൽപറ്റ, മാനന്തവാടി ബ്ലോക്ക് ,നഗരസഭ , ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറയിൽ ആരംഭിച്ച എബിസി കേന്ദ്രത്തിൽ
വന്ധ്യംകരണ ശാസ്ത്രക്രിയകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൽപറ്റ, മാനന്തവാടി മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും 55 ഓളം തെരുവ് നായകളെ ഡോഗ് ക്യാച്ചർ മാരുടെ സഹായത്തോടെ പിടിച്ചു ഷെൽട്ടറിൽ എത്തിച്ചിട്ടുണ്ട് . 17 ആൺ നായകളെയും 13 പെൺ നായകളെയും നിലവിൽ എ ബി സി ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മുറിവുകൾ പരിശോധിച്ചു ആൻ്റിബയോട്ടിക് ചികിത്സകൾ പൂർത്തിയായതിനു ശേഷം അഞ്ചുദിവസത്തിനുള്ളിൽ അവയെ തിരികെ വിടും.
ഒരു തെരുവ് നായയെ പിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി ആവശ്യമായ സംരക്ഷണവും ഭക്ഷണവും നൽകി തിരികെ വിടുന്നതിന് 1500 രൂപയാണ് പദ്ധതിവിഹിതമായി വകയിരുത്തിയിരിക്കുന്നത്.
600 രൂപ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മരുന്നുകൾക്കുള്ള ചെലവും 400 രൂപ ഭക്ഷണത്തിനും 300 രൂപ നായ്ക്കളെ പിടിച്ചു തിരികെ വിടുന്നതിനും 200 രൂപ ട്രാൻസ്പോർട്ടേഷൻ ഇനത്തിലും ആണ് ചെലവ് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ രണ്ട് വെറ്ററിനറി സർജന്മാർ, ഒരു ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റൻറ്, നാല് മൃഗപരിപാലകർ, ഒരു ശുചീകരണ ജീവനക്കാരൻ എന്നിങ്ങനെയാണ് എബിസി കേന്ദ്രത്തിൽ തസ്തിക അനുവദിച്ചിരിക്കുന്നത്. പ്രതിവർഷം 64 ലക്ഷം രൂപയോളം ആണ് ഒരു എബിസി കേന്ദ്രത്തിന്റെ പ്രവർത്തന ചെലവ് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിൽ ബത്തേരി ഉൾപ്പെടെ രണ്ട് എബിസി കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രത്തിന്റെ നിർവഹണ ഉദ്യോഗസ്ഥൻ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആണ്.
പടിഞ്ഞാറത്തറ വെറ്റിനറി സർജനാണ് സ്ഥാപനത്തിൻറെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.
പ്രതിമാസം 200 ഓളം ശസ്ത്രക്രിയകൾ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ.ആര്യ തെരേസ,
ഡോ. റാണി ജോസഫ്, ഡോ. അമാന റഷീദ്, ഡോ. മുഹമ്മദ് യുവൈസ്,
വി ആർ രതീഷ്,
ഹേഫേ സായി,
ജനാർദ്ദനൻ കെ കെ, രോഹിണി ഹരിദാസ്, സുന്ദര പാണ്ഡ്യൻ .കെ , വിജയകുമാർ .എസ് എന്നിവർ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
