മാനന്തവാടി അർബൻ സഹകരണ സംഘം അവാർഡിന്റെ തിളക്കത്തിൽ
മാനന്തവാടി: അവാർഡ് തിളക്കത്തിൽ മാനന്തവാടി അർബൻ സഹകരണ സംഘം. കേരള സംസ്ഥാനത്തെ മിസലേനിയസ് സഹരണ സംഘങ്ങളിൽ മികച്ച സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനം അർബൻ സഹകരണ സംഘത്തിന് ലഭിച്ചു. 1997 ലാണ് സംഘം ആരംഭിച്ചത്. പിന്നീട് പടിപടിയായി ഓരോ വർഷവും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. 13583 അംഗങ്ങളുള്ള സംഘത്തിന് പ്രധാന ശാഖ കൂടാതെ മാനന്തവാടി സായാഹ്നശാഖ, പനമരം എന്നീ ബ്രാഞ്ചുകളുമുണ്ട്. 15 വർഷത്തോളമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ സഹകരണ സംഘം എല്ലാ വർഷവും അംഗങ്ങൾക്ക് 10% മുതൽ 15 ശതമാനം വരെ ലാഭവിഹിതം നൽകി വരുന്നുണ്ട്. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി സ്വന്തം ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുകയാണ്. ബാങ്ക് ഡിപ്പോസിറ്റ്, വായ്പ, ലാഭം എന്നിവ വർദ്ധിച്ച് കൊണ്ടിക്കുകയാണ്. കഴിഞ്ഞ ഒരു വർഷം മാത്രം 1.25 കോടി രൂപ ഡിപ്പോസിറ്റ് വർദ്ധിച്ചു.
അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നൽകപ്പെടുന്ന ഈ അവാർഡിന് സഹകരണ വകുപ്പ് കഴിഞ്ഞ ജൂണിൽ അപേക്ഷ ക്ഷണിക്കുകയും ജൂലൈ മാസത്തിൽ അവാർഡുകൾ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. സംഘത്തിന് ജില്ലാതലത്തിൽ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് പുരസ്ക്കാരം. തിരുവനന്തപുരത്ത് വെച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി എം ലിജുവിൽ നിന്നും സംഘം പ്രസിഡൻ്റ് കെ എം വർക്കി, സെക്രട്ടറി കെ ജെ വിനോജ്, ബ്രാഞ്ച് മാനേജർ കെ രതീഷ് എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും, മൊമൊൻ്റൊയും അൻപതിനായിരം രൂപയുമാണ് പുരസ്ക്കാരം.
