കലോത്സവ വേദിയിൽ എൻഎസ്എസ് ചായക്കട
വെള്ളമുണ്ട: ജിഎംഎച്ച്എസ്എസ് വെള്ളമുണ്ടയിൽ കലോത്സവത്തിൻ്റെ ഭാഗമായി എൻഎസ്എസ് വിദ്യാർഥികൾ സംഘടിപ്പിച്ച ‘ചായക്കട’ ശ്രദ്ധേയമായി. വിദ്യാർഥികളിൽ സേവനമനോഭാവവും കൂട്ടായ പ്രവർത്തനശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചായക്കട ഒരുക്കിയത്. ചായക്കടയുടെ ഉദ്ഘാടനം എംഎൽഎ ഉഷാ വിജയൻ നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല, വാർഡ് മെമ്പർ റംല മുഹമ്മദ്, പ്രിൻസിപ്പൽ ബിന്ദു കെ വർക്കി എൻ എസ് എസ് ലീഡർ നിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കലോത്സവത്തിനെത്തുന്നവർക്കും വിദ്യാർഥികൾക്കും ചായയും ലഘുഭക്ഷണങ്ങളും ഒരുക്കിയാണ് എൻഎസ്എസ് പ്രവർത്തകർ ചായക്കട നടത്തുന്നത്. കലോത്സവത്തിന്റെ തിരക്കിനിടയിലും സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുന്ന എൻഎസ്എസ് കുട്ടികളുടെ പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ചായക്കട കലോത്സവ വേദിയിലെ വേറിട്ട അനുഭവമായി മാറി.
