അച്ഛനമ്മമാർക്കൊപ്പം പകൽ വീട്ടിൽ ഓണം പങ്കിട്ട് വൈത്തിരി പഞ്ചായത്ത്; കരുതലിന്റെ പുതുമാതൃക
വൈത്തിരി: വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായാണ് സായംപ്രഭ ഹോം (വയോജന പകൽവീട്) അംഗങ്ങൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്.
രാവിലെ 8.30ന് അച്ഛനമ്മമാർ ചേർന്ന് പൂക്കളം ഒരുക്കിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫെസിലിറ്റേറ്റർ ആൻസി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷൈജു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. രാജൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ ഡോളി ജോസ്, രഞ്ജിത അനിൽ, ഷൈനി ദേവസി, സിനി ജോജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു.
നാടൻപാട്ട് കലാകാരൻ മാത്യൂസ് അവതരിപ്പിച്ച നാടൻപാട്ടോടെയാണ് തുടർന്ന് ഓണാഘോഷം സജീവമായത്. സെബാസ്റ്റ്യൻ ചേട്ടൻ മാവേലി വേഷത്തിലെത്തിയതോടെ ആഘോഷത്തിന് കൂടുതൽ ആവേശമായി.
അമ്മമാരുടെ തിരുവാതിര, പാട്ട്, കവിത, കസേരകളി, ഓണപ്പാട്ടുകൾ എന്നിവയും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി. നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകരും നാട്ടുകാരും പങ്കുചേർന്നതോടെ പരിപാടി കൂടുതൽ മനോഹരമായി.
വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിച്ച ഈ ഓണാഘോഷം വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി.
