യുവ ആപദ മിത്ര ദുരന്തനിവാരണ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി
കൽപ്പറ്റ: ദേശീയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൈ ഭാരത് ‘യുവ ആപദ മിത്ര’ വളണ്ടിയർമാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കൽപ്പറ്റ ഹരിതഗിരിയിൽ എഡിഎം കെ അജീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തസാഹചര്യങ്ങളിൽ സമൂഹത്തിന് കൈത്താങ്ങാകുന്ന യുവ സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ പരിശീലന പരിപാടിയാണ്’ യുവ ആപദാ മിത്ര’ പദ്ധതി. ദുരന്തസമയങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആവശ്യമായ അടിസ്ഥാന അറിവും പ്രായോഗിക പരിശീലനവും യുവജനങ്ങൾക്ക് നൽകുക എന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ ദുരന്തസജ്ജത, തിരച്ചിൽരക്ഷാപ്രവർത്തനം, പ്രാഥമിക ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, അഗ്‌നിരക്ഷാ പരിശീലനം, ദുരന്തസമയ ആശയവിനിമയം, മാനസിക പിന്തുണ, വിവിധ അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ രീതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്‌ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. പരിശീലനത്തിൻ്റെ ഭാഗമായി വിവിധ പ്രായോഗിക പരിശീലനങ്ങളും നൽകുന്നുണ്ട്. ജില്ലാ ഫയർ ഓഫീസറാണ് ആപ്‌ദ മിത്രയുടെ നോഡൽ ഓഫീസർ. പരിശീലന പരിപാടി ആഗസ്റ്റ് മൂന്നിന് സമാപിക്കും.
ജില്ലാ ദുരന്തനിവാരണ സെഷൻ ജൂനിയർ സൂപ്രണ്ട് സരിൻകുമാർ അധ്യക്ഷനായിരുന്നു. ഐടിഡിപി ജില്ലാ ഓഫീസർ സുമിൻ എസ് ബാബു, സുൽത്താൻ ബത്തേരി ടി ഡി ഒ കെ.കെ മോഹൻദാസ്, മാനന്തവാടി ടി ഡി ഒ ബിന്ദു, കൽപ്പറ്റ എസ് ടി ഒ നിധീഷ് കുമാർ, യുവ ആപ്‌തമിത്ര മാസ്റ്റർ ട്രെയിനർ ശ്രീജിത്ത്, ഐ എ ജി ജില്ലാ കൺവീനർ ഫാ. ഡേവിഡ് ആലിങ്കൽ, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ നൂറോളം വളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്.
