Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorized

വയോജന നിയമം തുണയായി; 86കാരന് സ്വന്തം വീടും ഭൂമിയും തിരിച്ചുകിട്ടും

മാനന്തവാടി: വാർധക്യകാലത്ത് സംരക്ഷിക്കാമെന്ന വാഗ്ദാനം നൽകി ബന്ധുക്കൾ കൈവശപ്പെടുത്തിയ വീടും ഭൂമിയും തിരികെ ലഭിക്കാൻ 86കാരനായ ഗോപാലൻ നമ്പ്യാർക്ക് തുണയായത് വയോജന സംരക്ഷണ നിയമം. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി നിലവിലുള്ള 2007ലെ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ആശ്വാസകരമായ ഉത്തരവുണ്ടായത്. പാലിയാണ തേനോത്തുമ്മൽ തറവാട്ടുകാരനായ ഗോപാലൻ നമ്പ്യാരും ഭാര്യ സൗദാമിനിയും മക്കളില്ലാത്തവരായിരുന്നു. വാർധക്യത്തിൽ ഇരുവരെയും സംരക്ഷിക്കാമെന്ന വാഗ്ദ‌ാനവുമായി സൗദാമിനിയുടെ സഹോദരന്റെ മകളായ ശൈബയും ഭർത്താവ് ഹരിദാസും 2017ൽ ഇവരെ കാസർകോട് നീലേശ്വരത്തെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരും സർക്കാർ ജീവനക്കാരാണ്.

എന്നാൽ, പിന്നീട് സൗദാമിനി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാവുകയും മരണമടയുകയും ചെയ്തു‌. ഇതിനിടെ 2017 മുതൽ 2024 വരെയുള്ള കാലയളവിൽ ഗോപാലൻ നമ്പ്യാരുടെ പേരിലുള്ള ഒരേക്കർ 28 സെൻ്റ് ഭൂമിയും വീടും പരിചരണത്തിന്റെ പേരിൽ ബന്ധുക്കൾ കൈവശപ്പെടുത്തിയെന്നാണ് പരാതി. നീലേശ്വരത്ത് കിടപ്പിലായിരുന്ന ഭാര്യയുടെ പരിചരണത്തിനൊപ്പം വീട്ടുജോലികളും ചെയ്യേണ്ടിവന്നതോടെ 86-ാം വയസ്സിലും വിശ്രമമില്ലാത്ത ജീവിതമായിരുന്നു ഗോപാലൻ നമ്പ്യാർക്ക്. ഇതിനുപുറമേ സാമ്പത്തിക ചൂഷണത്തിനും ഇരയായതായി പരാതിയിൽ പറയുന്നു.

തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് അദ്ദേഹത്തെ സഹോദരി ലീലയുടെ വീട്ടിലെത്തിച്ചു. സ്വന്തം വീടും ഭൂമിയും നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലായ ഗോപാലൻ നമ്പ്യാർ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹി കെ.ജി. പുരുഷോത്തമൻ മാസ്റ്ററുടെ സഹായത്തോടെ മാനന്തവാടി ആർ.ഡി.ഒയെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

പരാതിയിൽ ആർ.ഡി.ഒ കോടതിയിൽ നടന്ന വിവിധ സിറ്റിങ്ങുകളിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ആർ.ഡി.ഒ അതുൽ സാഗർ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം 2007ലെ സെക്ഷൻ 23 (1) പ്രകാരം ബന്ധുക്കൾ കൈവശപ്പെടുത്തിയ ഭൂമിയുമായി ബന്ധപ്പെട്ട നാല് ആധാരങ്ങളും റദ്ദാക്കാൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് വെള്ളമുണ്ട സബ് രജിസ്ട്രാർക്ക് നിർദേശവും നൽകി.

വാർധക്യത്തിൽ സംരക്ഷണം ഉറപ്പുനൽകി സ്വത്ത് കൈവശപ്പെടുത്തുന്നവർക്കെതിരെയുള്ള നിയമത്തിന്റെ ശക്തമായ ഇടപെടലായി ഈ നടപടി മാറി. സ്വന്തം കിടപ്പാടം തിരിച്ചുപിടിക്കാനുള്ള ഗോപാലൻ നമ്പ്യാരുടെ പോരാട്ടത്തിന് ഇതോടെ നിർണായക വഴിത്തിരിവായിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *