Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ മീനങ്ങാടി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം; ക്ലാസുകൾ ബഹിഷ്കരിച്ച് കുട്ടികൾ

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനാണ് പ്രതിഷേധം. വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നു. അതേസമയം, പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ്‌ ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ്‌ മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകുകയാണ് ലക്ഷ്യം. വിനോദ യാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വിവാദങ്ങളെ തുടർന്ന് ഹയർ സെക്കന്ററി ബോർഡ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠന യാത്ര നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്

Leave a Reply

Your email address will not be published. Required fields are marked *