ഹെവി ഡ്രൈവിംഗ് ടെസ്റ്റിലും 100 ശതമാനം വിജയം; നേട്ടം തുടർന്ന് മാനന്തവാടി കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ
മാനന്തവാടി: കെഎസ്ആർടിസി മാനന്തവാടി ഡ്രൈവിംഗ് സ്ക്‌കൂളിൻ്റെ വിജയഗാഥ തുടരുന്നു. ഇന്നലെ നടന്ന 15-ാമത് ബാച്ചിൻ്റെ ഹെവി ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത 15 പേരും വിജയിച്ചതോടെ 100 ശതമാനം വിജയം കൈവരിക്കാനായി.ഇതോടെ മാനന്തവാടി കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ ഇതുവരെ ഹെവി ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത 185 പേരും വിജയിച്ചു. 185 പേർ ടെസ്റ്റ് എഴുതിയപ്പോൾ 185 പേരും വിജയിച്ചതോടെ 100 ശതമാനം വിജയനേട്ടമാണ് സ്‌ൾ സ്വന്തമാക്കിയിരിക്കുന്നത്.
പുതിയ ബാച്ചിൻ്റെ വിജയത്തിൽ പഠിതാക്കളും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ആഘോഷത്തിൽ സൂപ്രണ്ട് മഞ്ജു, ഇൻസ്ട്രക്‌ടർ ഷജ് സി.എ., വെഹിക്കിൾ സൂപ്പർവൈസർ ജ്ഞാനദാസൻ, സ്റ്റേഷൻ മാസ്റ്റർ ശശി, മറ്റ് തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വിജയിച്ച പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ.) കൃഷ്ണകുമാറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
