വഴിമാറാൻ ഇടമില്ലാതെ കാൽനടയാത്രക്കാർ; തരുവണനിരവിൽപ്പുഴ
തരുവണ: തരുവണ-നിരവിൽപ്പുഴ റോഡിൽ ഏഴേനാലി ഭാഗത്ത് കാടുമൂടിയതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ. റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുപടർന്ന് നടപ്പാതയിലേക്ക് വ്യാപിച്ചതോടെ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.കോക്കടവ് സ്കൂളിലേക്കും കട്ടയാട് മദ്രസയിലേക്കും നിരവധി വിദ്യാർഥികൾ ദിവസവും കാൽനടയായി കടന്നുപോകുന്ന പ്രധാന പാതയാണിത്. റോഡരികിലെ കാട് വെട്ടിമാറ്റാത്തത് വിദ്യാർഥികളുടെയും മറ്റ് കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്. റോഡ് കാടുമൂടിക്കിടന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പിഡബ്ല്യുഡി യുടെ അധീനതയിലായതിനാൽ കാട് നീക്കം ചെയ്യേണ്ടത് പിഡബ്ല്യുഡി തന്നെയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.നിലവിൽ പടിഞ്ഞാറത്തറ ജണഉ റോഡ് സെക്ഷന്റെ കീഴിലാണ് കാടുമൂടിയ പ്രദേശം ഉൾപ്പെടുന്നത്. വിദ്യാർഥികളടക്കം നിരവധിപേർ ആശ്രയിക്കുന്ന റോഡിൽ അടിയന്തരമായി കാട് വെട്ടിമാറ്റി കാൽനടയാത്രയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
