Event More NewsFeature NewsNewsPoliticsPopular NewsRecent News

താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ (ഡബ്ല്യൂ ടി എ) ആവശ്യപ്പെട്ടു. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ ദിനംപ്രതിയുള്ള യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ നിരന്തര ഗതാഗത തടസ്സം വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. വർഷം മുഴുവൻ അനുഭവപ്പെടുന്ന കടുത്ത വാഹനത്തിരക്കും ഇടയ്ക്കിടെയുള്ള യാത്രാതടസ്സങ്ങളും വയനാട്ടിലേക്കുള്ള യാത്രയെ ഏറെ ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ, നിർദ്ദിഷ്ട കള്ളാടി – ആനക്കാമ്പൊയിൽ തുരങ്കപാതയുടെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് അസോസിയേഷൻ നിർദ്ദേശിച്ചു. ഇതിനുപുറമെ, ഏറെ നാളായി ചർച്ചയിലുള്ള ചിപ്പിളിത്തോട്–മറുതിലാവ് പാതയും പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയും അടിയന്തരമായി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. ഈ ബദൽ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം കൂടുതൽ സുരക്ഷിതവും സുഗമവുമാവുകയും, അത് വഴി ജില്ലയിലെ ടൂറിസം, വ്യാപാരം, കൃഷി തുടങ്ങി വിവിധ മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും. വയനാടിന്റെ ദീർഘകാല വികസനത്തിനും വിനോദസഞ്ചാര മേഖലയുടെ ശാക്തീകരണത്തിനുമായി ഇത്തരം ബദൽ റോഡ് പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹൈദ്രാലി ബാബു, സെക്രട്ടറി പ്രബിത ടി.ബി., ട്രഷറർ സൈതലവി കെ.പി., അനീഷ് ബി. നായർ, സൈഫ് വൈത്തിരി, അൻവർ മേപ്പാടി, അബ്ദു റഹ്മാൻ മാനന്തവാടി, മനോജ് മേപ്പാടി, സജി വൈത്തിരി, വർഗീസ് വൈത്തിരി, മുനീർ കാക്കവയൽ, പട്ടു വയനാടൻ, സുമ പള്ളിപ്രം, സന്ധ്യ ത്രീ റൂട്ട്സ്, ജോസ് രമേശ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *