വയനാട് ഗവ.മെഡിക്കൽ കോളേജിൽ അത്യാധുനിക എക്സറേ യന്ത്രമെത്തി
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക എക്സറേ യന്ത്രമെത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരള സദസ്സിൽ അനുവദിച്ച 1.6 കോടി രൂപ ചിലവിലാണ് യന്ത്രം കേരള മെഡിക്കൽ കോർപ്പറേഷൻ മുഖേനെ വാങ്ങിയത്. ഡിജിറ്റൽ റേഡിയോ ഗ്രാഫി ടൈപ്പ് എ ഡിജിറ്റൽ എക്സ് റേ യന്ത്രമാണിത്. സാംസൺ കമ്പനിയുടെ ജിസി 85 മോഡൽ യന്ത്രം രണ്ട് മിനുട്ടിനുള്ളിൽ പരിശോധ നടത്തി ഫലം രോഗിക്ക് ലഭിക്കും. രോഗി മെഷീനടുത്ത് എത്തി നിൽക്കുകയോ കിടക്കുകയോ ചെയ്‌താൽ മുഴുവൻ ഓട്ടോമാറ്റിക് ആയ യന്ത്രം എക്‌സറേ ചെയ്‌ത് നൽകും. കൃത്യമായ ഫലം വേഗത്തിലറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിലവിൽ പ്രതിദിനം 150ഓളം എക്സററേകളാണ് ആശുപത്രിയിൽ ചെയ്‌തു നൽകുന്നത്. ഇതിൽ ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും ആദിവാസി പിന്നാക്ക വിഭാഗ പദ്ധതിയിൽ ഉൾപ്പെടുത്തിയും 75 ശതമാനത്തിലധികം സൗജന്യമായാണ് സേവനം. മുൻപ് പുതിയ സിടി യന്ത്രം സ്ഥാപിച്ച മുറിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഈ ഡിജിറ്റൽ എക്സറേ യന്ത്രവും സ്ഥാപിക്കുക. ഇന്ന് മെഡിക്കൽ കോളേജിലെത്തിച്ച യന്ത്രത്തിൻ്റെ ഇൻസ്റ്റാലേഷൻ പ്രവർത്തികൾ നാളെ ആരംഭിക്കും. സെപ്റ്റംബർ ആദ്യവാരം മുതൽ തന്നെ യന്ത്രത്തിന്റെ സേവനം രോഗികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
