പടിഞ്ഞാറത്തറയിൽ നിന്നു വിംസ് മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കണം
കൽപറ്റ:പടിഞ്ഞാറത്തറയിൽ നിന്നു മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി.സിദ്ദിഖിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ നിവേദനം നൽകി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് കണ്ടിയൻ, കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. പടിഞ്ഞാറത്തറയിൽ നിന്നു വിംസ് മെഡിക്കൽ കോളേജിലേക്ക് 40 കിലോമീറ്ററോളം ഉണ്ട്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി വിംസ് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ രോഗികൾക്കും വയോധികർക്കും സ്ത്രീകൾക്കും മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് .ഇതിനു പുറമെ, പടിഞ്ഞാറത്തറയിൽ നിന്നു മേപ്പാടി, കൽപറ്റ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാൻ പോകുന്ന വിദ്യാർഥികളുമുണ്ട്. നേരിട്ടുള്ളതും സമയബന്ധിതവുമായ ബസ് സർവീസ് ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ദിവസേന യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നു. പലപ്പോഴും ഒന്നിലധികം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും യാത്രാസമയം കൂടുതലാകുന്നതും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ്.പ്രത്യേകിച്ച് രാവിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്തുന്നതിനും വൈകുന്നേരം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നതിനും അനുയോജ്യമായ ബസ് സർവീസ് അത്യാവശ്യമാണ്.അതിനാൽ പടിഞ്ഞാറത്തറ – മേപ്പാടി – വിംസ് മെഡിക്കൽ കോളേജ് – ഭാഗങ്ങളിലേക്ക് ആവശ്യമായ പുതിയ ബസ് സർവീസ് അനുവദിക്കുകയും, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ രാവിലെയും വൈകുന്നേരവഅനുയോജ്യമായ സമയക്രമത്തിൽ സർവീസ് നടത്തുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഗതാഗത വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്ന് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു
