ഓണം സ്പെഷ്യൽ ഡ്രൈവ്: അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയാൻ സംയുക്ത അന്തർസംസ്ഥാന യോഗം ചേർന്നു.
മുത്തങ്ങ: വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്‌പിരിറ്റ്, മറ്റ് നിരോധിത വസ്‌തുക്കൾ എന്നിവ വൻതോതിൽ കടത്തുന്നത് തടയുന്നതിനായി കേരള അയൽ സംസ്ഥാന ഉദ്യോഗസ്ഥരുടെ ഉന്നതതല സംയുക്തയോഗം ചേർന്നു. മുത്തങ്ങ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ച് ചേർന്ന യോഗത്തിൽ വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ് കുമാർ പി കെ അധ്യക്ഷത വഹിച്ചു.കർണാടക ചാമരാജ് നഗർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്ര. പി ചീഫ് മുഖ്യാതിഥിയായിരുന്നു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു, ചാമരാജ് നഗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വിജയകുമാർ കെ.ടി, ചാമരാജ് നഗർ എക്സൈസ് ഇൻസ്പെക്ടർമാരായ ഉമാ ശങ്കരാ, ദീപു.എം, മഹാദേവ സി.എം, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി.എസ്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ്. വി, മുത്തങ്ങ സീനിയർ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനീഷ് തുടങ്ങിയ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഓണക്കാലത്തെ ലഹരിക്കടത്ത് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമ്മപദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
1, സംയുക്ത പരിശോധന:
അതിർത്തി കേന്ദ്രീകരിച്ച് ചെക്ക് പോസ്റ്റുകളിലും ഊടുവഴികളിലും ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത പരിശോധനാ സ്ക്വാഡുകൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു .
2, വിവര കൈമാറ്റം :
ലഹരിക്കടത്തുകാരെയും മാഫിയകളെയും കുറിച്ചുള്ള വിവരങ്ങൾ തത്സമയം പരസ്പരം കൈമാറുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പ് സജ്ജമാക്കാൻ തീരുമാനിച്ചു.
3, വ്യാജ മദ്യ നിർമ്മാണ കേന്ദ്രങ്ങൾ തകർക്കൽ:
അതിർത്തി മേഖലകളിലെ കാടുകളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും വ്യാജമദ്യ നിർമ്മാണവും വാറ്റും തടയുന്നതിനായി സംയുക്തമായി പരിശോധനയും പെട്രോളിങ്ങും നടത്തുന്നതിന് തീരുമാനിച്ചു.
4, ഹോട്ടലുകളിലും റിസോർട്ടുകളിലും പരിശോധന:
അതിർത്തി ഗ്രാമങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിപ്പാർട്ടികൾ നടക്കാനുള്ള സാധ്യത മുൻനിർത്തി കർശന നിരീക്ഷണം നടത്തുന്നതിന് തീരുമാനിച്ചു അതിർത്തി കടന്നുള്ള ലഹരിക്കടത്ത് പൂർണ്ണമായും ഇല്ലാതാക്കാൻ ഇരുസംസ്ഥാനങ്ങളിലെയും വകുപ്പുകൾ പരസ്പര സഹകരണത്തോടെയും ശക്തമായും മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചു. തുടർന്ന് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ അതിർത്തി ചെക്ക് പോസ്റ്റായ മുത്തങ്ങയിൽ വച്ച് കർണാടക എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത വാഹന പരിശോധനയും നടത്തി
