Event More NewsFeature NewsNewsPoliticsPopular NewsRecent News

മെഡിക്കൽ കോളേജ് ഭൂമിയുടെ കവാടത്തിൽ കിടപ്പ് സമരം നടത്തി

കൽപറ്റ: മടക്കിമലയിൽ സർക്കാരിന് സൗജന്യമായി നൽകിയ ഭൂമിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മടക്കിമലയിലെ മെഡിക്കൽ കോളേജിനായി സർക്കാർ ലഭിച്ച ദാനഭൂമിയുടെ കവാടത്തിൽ കിടപ്പ് സത്യാഗ്രഹം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 12 വരെ നീണ്ടു. ശക്തമായ വെയിലിനെ അവഗണിച്ചായിരുന്നു സമരക്കാർ കിടപ്പ് സമരം നടത്തിയത്.
വയനാട് എംപി പ്രിയങ്ക ഗാന്ധി, മന്ത്രി സിദ്ദീഖ്, ബത്തേരി എംഎൽഎ ഐ. സി. ബാലകൃഷ്ണൻ എന്നിവർ മെഡിക്കൽ കോളേജ് വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബോർഡ് സ്ഥാപിച്ച് ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ലഭ്യമാകാത്ത സാഹചര്യത്തിൽ, ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാർ അടിയന്തരമായി അനുമതി നൽകണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം.
ഗാന്ധിയൻ പ്രൊഫ. പി. ലക്ഷ്മണൻ കിടപ്പ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ഒരു മെഡിക്കൽ കോളേജിനെ ഉൾക്കൊള്ളാൻ മാനന്തവാടിക്ക് സാധ്യമല്ലെന്നും മടക്കിമലയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാദർ ജോസഫ് തേരകം സമരത്തിന് ആശംസകൾ നേർന്നു. മടക്കിമല ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ ചെറുത്തുനിൽപ്പിനെ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഒരു മെഡിക്കൽ കോളേജിനായി സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം വയനാട്ടിൽ തുടരുന്നത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികലാംഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹംസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വികലാംഗരോടും പാവപ്പെട്ടവരോടും ജനപ്രതിനിധികൾ കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് മെഡിക്കൽ കോളേജ് വിഷയമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമരം വികലാംഗ അസോസിയേഷൻ ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ. പി. ഫിലിപ്പ് കുട്ടി വയനാടിനോട് മാറിമാറി വന്ന സർക്കാരുകൾ തുടരുന്ന അവഗണനകൾ അക്കമിട്ട് നിരത്തി. മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചിട്ട് 11 വർഷമായിട്ടും കെട്ടിടനിർമാണം ആരംഭിക്കാനായിട്ടില്ലെന്നും ദാനഭൂമി ഒഴിവാക്കി മാനന്തവാടി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും അനുയോജ്യമായ ഭൂമി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാരാപ്പുഴ പദ്ധതി, ബാണാസുര പദ്ധതി, ബൈരക്കുപ്പ പാലം, പൂഴിത്തോട് റോഡ്, വയനാട് റെയിൽവേ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. കാരാപ്പുഴ പദ്ധതി ആരംഭിച്ച് അഞ്ച് പതിറ്റാണ്ടിനടുത്തായിട്ടും മുഴുവൻ പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബാണാസുര പദ്ധതിയുടെയും സ്ഥിതി സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബൈരക്കുപ്പ പാലത്തിനും പൂഴിത്തോട് റോഡിനും കെ. കരുണാകരൻ തറക്കല്ലിട്ടിട്ട് 32 വർഷം കഴിഞ്ഞിട്ടും പദ്ധതികൾ പൂർത്തിയാകാത്തത് വയനാടിന്റെ വികസന പിന്നാക്കാവസ്ഥയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട്ടിലേക്കുള്ള റെയിൽവേ വാഗ്ദാനം പതിറ്റാണ്ടുകളായി തുടരുകയാണെന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്നും ഫിലിപ്പ് കുട്ടി പറഞ്ഞു. ചുരം റോഡിനാൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന വയനാടിന്റെ വികസനപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “വയനാട്ടുകാർ സർക്കാരിന് നൽകുന്ന നികുതിപ്പണവും മറ്റു ജില്ലകളിലെ ജനങ്ങൾ നൽകുന്ന നികുതിപ്പണവും തമ്മിൽ എന്താണ് വ്യത്യാസം?” എന്നും അദ്ദേഹം ചോദിച്ചു.
കിടപ്പ് സമരത്തെ അഭിസംബോധന ചെയ്ത് ആക്ഷൻ കമ്മിറ്റി ട്രഷറർ അഡ്വ. കെ. ബാബു, ഫാദർ ജോസഫ് തേ രകം, അഡ്വ. ജോസ്, അബ്ദുൽ കാദർ മടക്കിമല, ലത്തീഫ് പഞ്ചാര എന്നിവർ സംസാരിച്ചു. പടിഞ്ഞാറത്തറ പൂഴിത്തോട് സമരസമിതി കമ്മിറ്റി കൺവീനർ സാജു പടിഞ്ഞാറത്തറ , ഷാന്റി ചേനമ്പാടി, ഭഗത് (SUCI), അഡ്വ. ജോസ് വി. തണ്ണിക്കോടൻ, രാമചന്ദ്രൻ തൃക്കേപ്പറ്റ, ഖാലിദ് കൽപറ്റ, അബ്ദുറഹിമാൻ വൈത്തിരി എന്നിവരും സംസാരിച്ചു.
ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ മൊയ്തു കാവുങ്ങൽ സ്വാഗതവും ഇഖ്ബാൽ മുട്ടിൽ നന്ദിയും പറഞ്ഞു.
സമരത്തിനിടെ നിരവധി വഴിയാത്രക്കാർ വാഹനങ്ങൾ നിർത്തി സമരവേദിയിലെത്തി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മടക്കിമലയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് സർക്കാർ അടിയന്തരമായി തീരുമാനം എടുക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *