എംആർപിക്ക് വിൽക്കാനാകാത്ത രാസവളങ്ങൾ ബഹിഷ്കരിക്കും: എഫ്‌ഡിഎ
കല്‍പ്പറ്റ: ചാക്കില്‍ രേഖപ്പെടുത്തിയ എംആര്‍പിക്ക് വില്‍ക്കാന്‍ കഴിയാത്ത രാസവളങ്ങള്‍ ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍(എഫ്ഡിഎ) ബഹിഷ്‌കരിക്കും. യൂറീയ, ഡിഎപി ഉള്‍പ്പെടെ ചില കോംപ്ലക്‌സ് വളങ്ങളുടെ വില്‍പനയാണ് ബഹിഷ്‌കരിക്കുകയെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. രവീന്ദ്രന്‍, മറ്റു ഭാരവാഹികളായ ഇ. ഹൈദ്രു, ഷമീര്‍ കരണി, ബെന്നി ജോസഫ്, എം.വി. റെജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും ഇറക്കുകൂലിയും കമ്പനികള്‍ നല്‍കാത്തതിനാല്‍ ചാക്കില്‍ രേഖപ്പെടുത്തിയ വിലയ്ക്ക് യൂറിയയും ഡിഎപിയും വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എംആര്‍പിയിലും കൂടുതല്‍ വില ഇടാക്കൂന്നത് വളം ചില്ലറ വ്യാപാരികളും ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിനു കാരണമാകുകയാണ്. എഫ്ഒഎല്‍(ഫ്രൈറ്റ് ഓണ്‍ ലൊക്കേഷന്‍)സമ്പ്രദായപ്രകാരം വളങ്ങള്‍ കടകളില്‍ എത്തിക്കുന്നത് പല കമ്പനികളം നിര്‍ത്തിവച്ചിരിക്കയാണ്. എഫ്ഒഎല്‍ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിനടക്കം ഇടപെടല്‍ തേടി കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം പഠിച്ച് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നാണ് മന്ത്രി നിവദേക സംഘത്തെ അറിയിച്ചത്. നാമമാത്ര കമ്മീഷന്‍ ഉപയോഗിച്ച് മുന്നോട്ടുപോകാന്‍ വ്യാപാരികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് പിന്‍വലിച്ചത്. ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യ-യുക്രൈന്‍, യുഎസ്-ഇറാന്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പൊട്ടാഷ്, ഫാക്ടംഫോസ് വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. പൊട്ടാഷ് ചാക്കിന്(50 കിലോഗ്രാം) 1,550 രൂപയായിരുന്നത് 2,300 രൂപയായി വര്‍ധിച്ചു. ഫാക്ടംഫോസിന്റേത് 1,450 രൂപയില്‍നിന്ന് 2,300 രൂപയായി ഉയര്‍ന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയുന്നതല്ല ഈ വിലക്കയറ്റമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
