Event More NewsFeature NewsNewsPoliticsPopular NewsRecent News

കാഞ്ഞിരത്തിനാ ൽ കുടുംബത്തിന്റെ ഭൂസമരം പന്ത്രണ്ടാം വർഷത്തിൽ

കല്‍പ്പറ്റ: പതിറ്റാണ്ടുകള്‍ മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുപിടിക്കുന്നതിന്
കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പന്ത്രണ്ടാം വര്‍ഷത്തില്‍. 2015 ഓഗസ്റ്റ് 15നാണ് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് പന്തല്‍ കെട്ടി സത്യഗ്രഹം ആരംഭിച്ചത്. സമരം 11 വര്‍ഷം പിന്നിട്ടിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. പിടിച്ചെടുത്തത്് കൃഷിഭൂമിയാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനും കുടുംബത്തിന് മുമ്പില്‍ നീതിയിലേക്കുള്ള വാതില്‍ തുറന്നിടാനും വനം വകുപ്പ് സന്നദ്ധമാകുന്നില്ല.

കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു വാങ്ങിയ കൃഷിഭൂമിയാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ്)നിയമം ഉപയോഗപ്പെടുത്തി 1976ല്‍ വനം വകുപ്പ് അധീനതയിലാക്കിയത്. ഇതിനെതിരായ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച കോഴിക്കോട് വനം ട്രൈബ്യൂണല്‍ 1978 നവംബര്‍ ആറിന് വനം വകുപ്പ് നടപടി അസാധുവാക്കിയതാണ്. എന്നാല്‍ ഇതേ ട്രൈബ്യൂണല്‍ 1985ല്‍ വിപരീത ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെ ഭൂമിയുടെ ആധാരം സര്‍ക്കാര്‍ റദ്ദുചെയ്തു. ഇതോടെ കൊടുമുടി കയറിയതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കഷ്ടകാലം.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി വിട്ടുകൊടുക്കാനുള്ള 2006 ഒക്ടോബര്‍ 11ലെ മന്ത്രിസഭായോഗ തീരുമാനവും തുടര്‍ നടപടികളും പാഴ്‌വേലയായി മാറുകയാണ് ചെയ്തത്. 1985ലെ വനം ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കേയാണ് കുടുംബത്തില്‍നിന്നു ഭൂനികുതി സ്വീകരിക്കാന്‍ 2007 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവായത്. ലഭ്യമായ രേഖകളില്‍ വനം എന്ന് പറയുന്ന ഭൂമിക്ക് നികുതി സ്വീകരിച്ചതിനെതിരേ പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടിയായത്.

വനം വകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. എങ്കിലും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതില്‍ പ്രധാന തടസമായ 1985ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിക്കുന്നതിന് ഭരണതലത്തില്‍ ഉത്സാഹമില്ല. കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളെ നേരില്‍ കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്ത ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ 2025 മേയ് 28ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഭൂമി വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവ് ഇന്നോളം ഇറങ്ങിയില്ല. കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വനം ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയവ വെളിച്ചംകാണാന്‍ സഹായകമാകുന്നതാണ് ജൂഡീഷല്‍ അന്വേഷണം.

കാഞ്ഞിരത്തിനാല്‍ കുടുംബം നേരിടേണ്ടിവന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനകളും പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചും വിവിധ രേഖകള്‍ ഉള്‍പ്പെടുത്തിയും വയനാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തന്‍ ജോസ് കുര്യന്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്ത് അയച്ചിരുന്നു. ഇതിന്റെ

അടിസ്ഥാനത്തില്‍ 2025 ജൂലൈയില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത സൂപ്രീം കോടതി പിഐഎല്‍ സെല്‍ നിര്‍ദേശിച്ചതനുസരിച്ച് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി(കെല്‍സ)കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂപ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നവര്‍ കുറവല്ല

Leave a Reply

Your email address will not be published. Required fields are marked *