Feature NewsNewsPopular NewsRecent News

തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ വിതരണം; 28 കോടി രൂപ കുടിശ്ശിക, പ്രക്ഷോഭത്തിനൊരുങ്ങി കോൺട്രാക്ടർമാർ

മാനന്തവാടി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മെറ്റീരിയലുകൾ വിതരണം ചെയ്ത വകയിൽ ജില്ലയിൽ 28 കോടി രൂപ കുടിശ്ശികയുണ്ടെന്നും തുക ഉടൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരള ഗവ. കോൺട്രാക്ടർ അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 22 പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മെറ്റീരിയലുകൾ വിതരണം ചെയ്തതിന്റെ തുകയാണ് ഒരു വർഷമായി കുടിശ്ശികയായി കിടക്കുന്നത്. മുൻകാലങ്ങളിൽ തുക അനുവദിക്കുമ്പോൾ എല്ലാ പഞ്ചായത്തുകൾക്കും തുല്യമായി വിതരണം ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ മാസം 21ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾക്ക് മാത്രം മുഴുവൻ തുകയും അനുവദിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ഈ അഞ്ച് പഞ്ചായത്തുകളിലും ജില്ലയ്ക്ക് പുറത്തുള്ള കമ്പനിയാണ് മെറ്റീരിയലുകൾ വിതരണം ചെയ്തതെന്നും അവർ ആരോപിച്ചു. ജില്ലയിലെ ബാക്കി 17 പഞ്ചായത്തുകളിലും കുടിശ്ശികയായ മുഴുവൻ തുകയും ഉടൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.സി.കെ. നജ്മുദ്ദീൻ, മാനന്തവാടി താലൂക്ക് പ്രസിഡന്റ് എൻ.വി. ബാബു, സെക്രട്ടറി പോൾ മാത്യു, ഇ.വി. ഹാരിസ്, പി.എം. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *