ഹോട്ടൽ ബില്ലുകളിൽ ഇനി ‘ഗ്യാസ് ചാർജ്’ വേണ്ട; നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ഹോട്ടലുകൾ അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ‘എൽപിജി ചാർജ്’, ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശിച്ചു.
ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറൻ്റുകളും മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. ഇന്ധനം, എൽപിജി, വൈദ്യുതി എന്നിവയുടെ വില വർധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവർത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോൾ തന്നെ തീരുമാനിക്കണെമന്നുമാണ് നിർദേശം.
ഭക്ഷണത്തിന്റെറെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
