Feature NewsNewsPopular NewsRecent News

മുതിർന്ന പൗരന്മാർക്ക് ബസ് യാത്രാസൗജന്യം അനുവദിക്കണം: രവീന്ദ്രൻ മാണിയാട്ട്

കൽപ്പറ്റ: കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് ബസ്സിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ മാണിയാട്ട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ പുനർനിർമ്മാണത്തിനായി യൗവനകാലത്ത് ജോലി ചെയ്ത് നാടിനെ ഇന്നത്തെ നിലയിലെത്തിച്ച് സംരക്ഷിച്ച വയോജനങ്ങൾക്ക് ബസ് യാത്രാസൗജന്യം അനുവദിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ എം.എൻ. സ്മാരകത്തിലെ പി.കെ. മത്തായി നഗറിൽ വെച്ച് നടന്ന സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.എം. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ എം.എഫ്. ഫ്രാൻസിസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി.വി. ആൻ്റണി പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി. യൂസഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. എസ്.എസ്.പി.സി. ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, മാത്യു കോട്ടൂർ, വിൽസൺ ഡിസൂസ, ഡോ. അമ്പി ചിറയിൽ, കെ. വിജയകുമാരി, ലീലാമണി കെ. എന്നിവർ പ്രസംഗിച്ചു. ഹെൽപ് ഏജ് ഇന്ത്യ പ്രോജക്ട് കോ-ഓർഡിനേറ്റർ ആതിര പി. മണി വയോജന നിയമവും വയോജന സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. പുതിയ ഭാരവാഹികളായി കെ.എം. ബാബു (ജില്ലാ പ്രസിഡൻ്റ്), വി.വി. ആൻ്റണി (ജില്ലാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *