Feature NewsNewsPopular NewsRecent News

ഒരുവുമ്മൽക്കടവ് പാലവും റോഡും യാഥാർത്ഥ്യമാക്കും

കൽപറ്റ: തരിയോട് – വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഒരുവുമ്മൽക്കടവിലെ പാലവും അപ്രോച്ച് റോഡും യാഥാർഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കൃഷി-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകി. ഈ വർഷത്തെ ബജറ്റിലോ, അല്ലെങ്കിൽ അടുത്ത വർഷത്തെ ബജറ്റിലോ ഉറപ്പായും ഉൾപ്പെടുത്തി പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
​ഒരുവുമ്മൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മാടക്കുന്ന് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലും കാവുംമന്ദം – ഐക്കരപ്പടി – മാടക്കുന്ന് – ഒരുവുമ്മൽ കടവ് പ്രദേശത്തിന്റെ സമഗ്ര വികസന നയരേഖ സമർപ്പണ ചടങ്ങിലും സംസാരിക്കുകയായിരുന്നു മന്ത്രി.
​ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരുവുമ്മൽ പൗരസമിതി ചെയർമാൻ ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ബെന്നി വട്ടക്കാമൂളയിൽ സ്വാഗതവും വികസന നയരേഖ അവതരണവും നിർവഹിച്ചു.
​തരിയോട്-വെങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരുവുമ്മൽക്കടവിൽ പാലമില്ലാത്തതിനാൽ നിലവിൽ ചെക്ക് ഡാമിന് മുകളിലൂടെയാണ് പ്രദേശവാസികൾ അപകടകരമായി സഞ്ചരിക്കുന്നത്. മൺസൂൺ കാലത്ത് ആരാധനാലയങ്ങൾ, സ്കൂളുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, ട്രൈബൽ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട ദുരിതവും, ആദിവാസി ഊരുകളിലടക്കമുള്ള യാത്രാക്ലേശവും ചൂണ്ടിക്കാട്ടിയുള്ള വികസന നയരേഖ പൗരസമിതി മന്ത്രിക്ക് കൈമാറി.
​ജനപ്രതിനിധികളും വിശിഷ്ടാതിഥികളുമായ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ.കെ, തരിയോട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജെസ്സി തോമസ്, രാജൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പൗരസമിതി ഭാരവാഹികളും നൂറുകണക്കിന് പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *