കവടിയാർ കൊട്ടാരത്തിലെ മോഷണം അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്, സംശയ നിഴലിൽ സന്ദർശകർ
തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. കൊട്ടാരത്തെക്കുറിച്ച് നല്ല പരിചയമുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ മോഷ്ടിച്ച കേസിൽ സന്ദർശകരെ ഉൾപ്പെടെ സംശയനിഴലിലാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയ്യാറാക്കും. വിദേശികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കവടിയാർ കൊട്ടാരത്തിലെ മോഷണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
അമൂല്യരത്നങ്ങളടക്കം രണ്ട് കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ ആഭരണങ്ങളാണ് നഷ്ടമായതെന്നും ഇവ അലമാരയിൽ നിന്നുമാണ് മോഷ്ടിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
