എൽപിജിക്ക് പിന്നാലെ യുദ്ധക്കനൽ രാജ്യത്തെ ആരോഗ്യ മേഖലയിലേക്കും;
മിഡിൽ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര വിപണിയിലെ ഊർജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിറിഞ്ചുകൾ, ഐവി ബാഗുകൾ എന്നിവയുടെ നിർമ്മാണത്തിന് അത്യാവശ്യമായ പോളിപ്രൊപ്പിലീൻ എന്ന അസംസ്കൃത വസ്തുവിന് കിലോയ്ക്ക് 55 രൂപയിലധികമാണ് ഡിസംബർ മുതൽ വർദ്ധിച്ചത്. കോവിഡ് കാലത്തുണ്ടായതിനേക്കാൾ വലിയ – വിലക്കയറ്റമാണിതെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധന ലഭ്യതക്കുറവ് കൂടിയായതോടെ വ്യവസായം ഇരട്ടി പ്രഹരമാണ് നേരിടുന്നത്. മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിലെ 90 ശതമാനവും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് എന്നതിനാൽ നിലവിലെ സാഹചര്യം ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ്.
ഇറക്കുമതി ഭീഷണിയാവുന്നു
ഇന്ത്യയുടെ മെഡിക്കൽ ഉപകരണ ആവശ്യങ്ങളിൽ 70 മുതൽ 80 ശതമാനം വരെ ഇപ്പോഴും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾക്കും സാങ്കേതിക വിദ്യകൾക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇത്തരം ആഗോള പ്രതിസന്ധികളിൽ ഇന്ത്യയെ തളർത്തുന്നു. മിഡിൽ ഈസ്റ്റ് വഴിയുള്ള കപ്പൽ ഗതാഗത കാരണം വിദേശത്തുനിന്നുള്ള ഉപകരണങ്ങൾ എത്തുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും ഡിസ്പോസിബിൾ സാധനങ്ങളാണ് നിർമ്മിക്കുന്നത്. എന്നാൽ വലിയ മെഡിക്കൽ മെഷീനുകൾക്കായി ഇപ്പോഴും വിദേശ വിപണികളെത്തന്നെ ആശ്രയിക്കണം
