സ്കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും; പദ്ധതിക്ക് അന്തിമ രൂപം നൽകാൻ ഉന്നത തലയോഗം ചേരും
പുതിയ റോഡ് സംസ്കാരം പകർന്ന് നൽകാൻ സ്കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എൻസിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നൽകാൻ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണർ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുക്കും.
സുരക്ഷാ ബോധമുള്ള യുവ തലമുറയെ വാർത്തെടുക്കൽ ലക്ഷ്യമിട്ടാണ് റോഡ് സേഫ്റ്റി കേഡറ്റ്സിന് രൂപം നൽകുക. എസ് പിസി മാതൃകയിൽ യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്സ്. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമെന്ന് കണ്ടതോടെയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും പരിഗണനയിലുണ്ട്.
