ഗുരുവായൂരിൽ ഇനി സ്മാർട്ട് ദർശനം; വരുന്നു ‘ഫെയ്സ് ആപ്പ്’ ടോക്കൺ സംവിധാനം
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിനായി നൂതനമായ ‘ഫെയ്സ് ആപ്പ്’ സംവിധാനം വരുന്നു. ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ഈ സിസ്റ്റത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ദർശന സമയം രേഖപ്പെടുത്തിയ ടോക്കൺ ലഭിക്കും. ടോക്കൺ ലഭിക്കുന്നവർക്ക് ദർശന സമയം വരെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കംപാർട്ട്മെൻ്റുകളിൽ വിശ്രമിക്കാം. ടോക്കൺ നമ്പർ അനുസരിച്ചുള്ള അറിയിപ്പുകൾ കംപാർട്ട്മെൻ്റുകളിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രം ഭക്തർ ക്യൂവിലേക്ക് പ്രവേശിച്ചാൽ മതിയാകും. വിപുലമായ ക്യൂ കോംപ്ലക്സ് നിലവിൽ വരുന്നത് വരെയാകും ഈ താത്കാലിക സംവിധാനം തുടരുക.
ഭക്തർക്ക് കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കുന്നത്. വിശ്രമസ്ഥലങ്ങളിൽ ഭക്തിഗാനങ്ങളും ഗുരുവായൂരപ്പൻ്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. കൂടാതെ വിർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഡോം തിയേറ്ററും പദ്ധതിയുടെ ഭാഗമാണ്. ശുചിമുറികൾ, മെഡിക്കൽ സഹായം, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനായി ടച്ച് സ്ക്രീൻ സംവിധാനവും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ലഭ്യമാകും. എത്ര പേർ ദർശനം നടത്തി എന്നും ആളെ തിരിച്ചറിയാനും സഹായിക്കുന്ന ഈ സംവിധാനം ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വലിയ മാറ്റം കൊണ്ടുവരും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭക്തർക്ക് കൂടുതൽ സുഖകരമായ ദർശനാനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
