ഡി.എച്ച്.എസ് വയനാട് സ്റ്റാഫ് നഴ്സ് നിയമനം വൈകുന്നു: ആരോഗ്യ സേവനം താളംതെറ്റുന്നു
കൽപ്പറ്റ: ഡി.എച്ച്.എസ് വയനാട് കീഴിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ 066/2023) നിയമനം വൈകുന്നതായി പരാതി. 2025 ജനുവരി 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ ഒരാൾക്കുപോലും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല.
സുൽത്താൻ ബത്തേരി, നൂലൂർനാട് എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ സ്റ്റാഫ് നഴ്സ് തസ്തികകൾ സൃഷ്‌ടിക്കുന്നതിനുള്ള ഫയലുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും തുടർന്ന് യാതൊരു നീക്കമോ ഔദ്യോഗിക വിവരങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റാങ്ക് ഹോൾഡർമാർ പറയുന്നത്. ഇതോടെ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലും മാനസിക സമ്മർദ്ദത്തിലുമാണ്.
അതേസമയം, വയനാട് ജില്ലയിലെ ആരോഗ്യ മേഖല സ്റ്റാഫ് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമന വൈകിപ്പ് നടക്കുന്നതെന്നും ജില്ലയിലെ സർക്കാർ ആശുപത്രികൾ ആവശ്യമായ നഴ്‌സിംഗ് സ്റ്റാഫ് ഇല്ലാതെ പ്രവർത്തിക്കുന്നത് രോഗി പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
ഇതിനിടയിൽ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പൂർണമായി സജ്ജീകരിച്ചിരിക്കെ, ആരോഗ്യ മന്ത്രി വീണാ ജോർജ് അടുത്തിടെ ഉദ്ഘാടനം ചെയ്‌ത പുതിയ മാതൃശിശു ബ്ലോക്ക് ഇപ്പോഴും പൂർണമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല. മതിയായ സ്റ്റാഫ് ഇല്ലാത്തതിനാൽ ഒ.പി സേവനങ്ങൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്; ഇൻപേഷ്യന്റ് (ഐ.പി) സേവനങ്ങൾ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
അടിയന്തിരമായി സ്റ്റാഫ് നഴ്സ് ഗ്രേഡ് II നിയമനങ്ങൾ നടത്തുകയും നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് റാങ്ക് ഹോൾഡർമാരും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെടുന്നു
