ലഹരിക്കെതിരെ പെൺകരുത്ത്: ‘ഓപ്പറേഷൻ തൂഫാൻ -നാർക്കോ ഹണ്ട്’ തെരുവുനാടക ബോധവൽക്കരണം നവംബർ 6-ന് മാനന്തവാടിയിൽ
മാനന്തവാടി: യുവതലമുറയെയും സമൂഹത്തെയും കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സ്നേഹ നോർബർട്ടൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സ്നേഹ വെൽഫെയർ സെന്ററും മാനന്തവാടി നഗരസഭ, എക്സൈസ് വകുപ്പ്, കേരള പോലീസ് എന്നിവരും സംയുക്തമായി ‘ഓപ്പറേഷൻ തൂഫാൻ – നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലഹരിമുക്ത വയനാട് എന്ന ലക്ഷ്യത്തോടെ സ്നേഹ സ്വാശ്രയ സംഘങ്ങളിലെ (SHG) വനിതാ കൂട്ടായ്മ അണിനിരക്കുന്ന ശക്തമായ ലഹരിവിരുദ്ധ തെരുവുനാടകമാണ് (Street Play) ബോധവൽക്കരണത്തിന്റെ ഭാഗമായി അരങ്ങേറുന്നത്. സ്ത്രീശക്തിയുടെയും സാമൂഹിക കൂട്ടായ്മയുടെയും കരുത്തുറ്റ പങ്കാളിത്തത്തോടെ നാടിനെ ലഹരിമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റമാണിത്. നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് മാനന്തവാടി കോഴിക്കോട് റോഡിൽ ലാറ്റിൻ പള്ളിക്ക് മുൻവശമുള്ള ബസ് സ്റ്റോപ്പിൽ പരിപാടി നടക്കും. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. സ്നേഹ വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. അനീഷ് കരിമാലൂർ സ്വാഗതം ആശംസിക്കും. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ആനന്ദ് ടി ആശംസാ പ്രസംഗം നടത്തും. തുടർന്ന് സ്നേഹ സ്വയംസഹായ സംഘം അംഗങ്ങൾ അവതരിപ്പിക്കുന്ന തെരുവുനാടകം അരങ്ങേറും. സോഷ്യൽ വർക്കർ ശ്രീ ജോബി തോമസ് നന്ദി പ്രകാശിപ്പിക്കും. ലഹരിക്കെതിരെയുള്ള ഈ ബഹുജന ബോധവൽക്കരണത്തിൽ മുഴുവൻ പൊതുജനങ്ങളും കുടുംബാംഗങ്ങളും പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.
