എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
മാനന്തവാടി: വിദ്യാഭ്യാസ ഉപജില്ലയിലെ എട്ട് വിദ്യാലയങ്ങളിലെ എസ്പി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തി. 320 കേഡറ്റുകള്‍ പരേഡില്‍ അണിനിരന്നു. ആതിഥേയ വിദ്യാലയത്തിലെ അബിന്‍ ജോജന്‍, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.പി. വൈഗനന്ദ എന്നിവര്‍ പരേഡ് നയിച്ചു. ഉഷ വിജയന് എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു.എഎസ്ഐ എന്‍. ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് ബാന്‍ഡിന്റെ താളത്തിനൊത്ത് ചിട്ടയായ ചുവടുകളുമായി കേഡറ്റുകള്‍ മാര്‍ച്ച് ചെയ്തത് ചേതോഹര കാഴ്ചയായി.എസ്പിസിയിലൂടെ പൊലിസില്‍ എത്തിയ അഭിജിത്ത് സി. അജയന്, അര്‍ഷാദ് എന്നിവര്‍ ഉള്പ്പടെുന്നതായിരുന്നു ബാന്‍ഡ് സംഘം. അസി.നോഡല്‍ ഓഫിസര്‍ കെ.മോഹന്‍ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന് കൗണ്‍സിലര്‍ പി.കെ. ഹംസ, എഎസ്പി ബി. കാര്‍ത്തിക്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് തുടങ്ങിയവര്‍ സന്നിഹിതരായി.
