നഗരസഭയുടെ ആസ്തികൾ വെറുതെ കിടക്കുന്നതിന് പരിഹാരം കാണണം: വയനാട് വികസന സമിതി
കല്‍പ്പറ്റ: നഗരസഭയുടെ ആസ്തികള്‍ കാലങ്ങളായി വെറുതെ കിടക്കുന്നതിന് പരിഹാരം കാണണമെന്ന് വയനാട് വികസന സമിതി ചെയര്‍മാന്‍ ബി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി പി.പി. ഷൈജല്‍ എന്നിവര്‍ ആ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗൂഡലായ്ക്കുന്നില്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച അറവുശാല, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടം, പഴയ ബസ് സ്റ്റാന്‍ഡിലെ വനിതാ വിപണന കേന്ദ്രത്തിന് മുകളിലെ ഹാള്‍, എംഎന്‍ സ്മാരക മന്ദിരത്തിന് സമീപത്തെ കെട്ടിടത്തിലെ ഹാളും മുറികളും, യാചകര്‍ക്ക് അന്തിയുറങ്ങുന്നതിന് മുണ്ടേരിയില്‍ നിര്‍മിച്ച കെട്ടിടം, വെള്ളാരംകുന്നിലെ നാലും പുത്തൂര്‍വയലിലെ രണ്ടും ഏക്കര്‍ ഭൂമി, പുതിയ സ്റ്റാന്‍ഡ് പരിസരത്തെ 40 സെന്റ് സ്ഥലം, ബൈപാസിനോട് ചേര്‍ന്ന് മത്സ്യ-മാംസ മാര്‍ക്കറ്റിന് നിര്‍മിച്ച കെട്ടിടം, മണിയങ്കോടില്‍ അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ച വൃദ്ധ സദനം തുടങ്ങിയവ ആര്‍ക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്. മാറിമാറിവന്ന മുനിസിപ്പല്‍ ഭരണസമിതികളുടെ പിടിപ്പുകേടാണ് ഇതിന് കാരണം. മുഴുവന്‍ ആസ്തികളും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ സമിതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
