പുളിയാർമലയിൽ പുസ്തകോത്സവം 27, 28 തിയതികളിൽ
കല്‍പ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ 27, 28 തിയതികളില്‍ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ പുസ്തകോത്സവം നടത്തും. മേളയില്‍ 51 പ്രസാധകരുടേതായി 75 സ്റ്റാള്‍ ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ. സത്താര്‍, സെക്രട്ടറി പി.കെ. സുധീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസി ബുക്‌സ്, മാതൃഭൂമി, ചിന്ത, പ്രഭാത്, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, പൂര്‍ണ, മലയാള മനോരമ, ഗ്രീന്‍ ബുക്‌സ്, ഹരിതം ബുക്‌സ് എന്നിവ മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ പ്രസാധകരാണ്. പുസ്തകങ്ങള്‍ക്ക് 35 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. ജില്ലയില്‍ ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് ലഭിച്ച 250 ഗ്രാന്ഥാലയങ്ങള്‍ മേളയില്‍നിന്നു പുസ്തകങ്ങള്‍ വാങ്ങും. 35 ലക്ഷം രൂപയാണ് ജില്ലയില്‍ അനുവദിച്ച ഗ്രാന്റ്.
മേളയുടെ ഉദ്ഘാടനം 27ന് രാവിലെ 10ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഗായകസംഘത്തിന്റെ അരങ്ങേറ്റം. 28ന് രാവിലെ 10 മുതല്‍ വയലാര്‍ ഗാനാലാപന മത്സരം, കവിയരങ്ങ്, ജില്ലയിലെ എഴുത്തുകാര്‍ അവരുടെ പ്രിയപ്പെട്ട വരികള്‍ കുറിക്കുന്ന എഴുത്തിന്റെ ‘കൈയൊപ്പ്’ എന്നിവ നടക്കും. ജോസ് പാഴൂക്കാരന്റെ നോവല്‍ ‘നിര്‍മിത മനുഷ്യന്‍’ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.വി. രവീന്ദ്രനും ശ്രീലക്ഷ്മി സജിത്തിന്റെ കവിതാസമാഹാരം ‘ഉടലുകളിലെ കഥ’ എഴുത്തുകാരന്‍ ബാലന്‍ വേങ്ങരയും പ്രകാശനം ചെയ്യും. നാസര്‍ പാലൂരിന്റെ പുസ്തകം ‘അണ്‍ഹാപ്പി കിഡ്‌സ്’ന്റെ കവര്‍ പ്രകാശനം നടത്തും
