വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തും; പാരിസൺ എസ്റ്റേറ്റ് ഉടമകൾ 25 ഏക്കർ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനൽകും
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തുന്നതിനായി നഗരസഭ മുൻകൈയെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നഗരസഭഅധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കോളേജിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചകളിൽ കല്ലിയോട്ടുള്ള പാരിസൺ എസ്റ്റേറ്റ് ഉടമകൾ 25 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതായും നഗരസഭ വ്യക്തമാക്കി. എസ്‌റ്റേറ്റ് ഭൂമി മെഡിക്കൽ കോളേജിനായി വിട്ടുനൽകുന്നതിന് പകരമായി മെഡിക്കൽ കോളേജിനോട് ചേർന്ന് എസ്റ്റേറ്റിന് പുറത്തായി ബസ് സ്റ്റാൻഡും അനുബന്ധ സൗകര്യങ്ങളും BOT അടിസ്ഥാനത്തിൽ നിർമ്മിച്ച് നഗരസഭയ്ക്ക് നൽകണമെന്നതാണ് എസ്റ്റേറ്റ് ഉടമകൾ മുന്നോട്ടുവെച്ച നിബന്ധന. ഈ നിർദേശം നഗരസഭാ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ചതായും അധികൃതർ അറിയിച്ചു. അതോടൊപ്പം തന്നെ മുൻ സർക്കാർ അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ തുടരുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2015ലാണ് വയനാട് മെഡിക്കൽ കോളേജിന് കൽപ്പറ്റയിൽ തറക്കല്ലിട്ടത്. എന്നാൽ 2018ൽ സർക്കാർ മാറുകയും തുടർന്നുണ്ടായ പ്രളയസാഹചര്യങ്ങളിൽ കൽപ്പറ്റയിലെ സ്ഥലം മെഡിക്കൽ കോളേജിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് വയനാട് ആസ്‌പിരേഷണൽ ജില്ലയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 2021ൽ മാനന്തവാടി ജില്ലാ ആശുപത്രി അപ്‌ഗ്രേഡ് ചെയ്‌് മെഡിക്കൽ കോളേജ് ആശുപത്രിയാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രാരംഭ നടപടികൾ പൂർത്തിയാക്കി എം.ബി.ബി.എസ്. ഒന്നാം വർഷ പ്രവേശനത്തിന് അംഗീകാരം ലഭിച്ചു. ഈ വർഷം 50 വിദ്യാർഥികൾക്ക് കൂടി പ്രവേശനം ലഭിച്ചതായും നഗരസഭ അറിയിച്ചു.
മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ ഓഫീസ് സമുച്ചയം മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനായി വിട്ടുനൽകിയിരുന്നു.
മെഡിക്കൽ കോളേജിന് കുറഞ്ഞത് 20 ഏക്കർ ഭൂമി ആവശ്യമായിരിക്കെ നിലവിലെ ജില്ലാ ആശുപത്രിയുടെ കൈവശം 10 ഏക്കർ മാത്രമാണുള്ളത്. ഇതോടെ കൂടുതൽ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നഗരസഭആരംഭിച്ചു. അമ്പുകുത്തിയിലെ ഭൂമിക്ക് വേണ്ടി നിലവിൽ ശ്രമങ്ങൾ തുടരുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ കസ്റ്റഡിയിലുള്ള 22 ഏക്കർ ഭൂമി പരിഗണിച്ചെങ്കിലും പകരം ഭൂമി നൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നതും തടസ്സമായി. ഇതിന് പിന്നാലെയാണ് നഗരസഭയുടെ ഇടപെടലിലൂടെ പാരിസൺ എസ്‌റ്റേറ്റ് ഉടമകളുമായി ചർച്ച നടത്തിയത്.
ചർച്ചയിലാണ് കല്ലിയോട്ടുള്ള എസ്റ്റേറ്റിലെ 25 ഏക്കർ ഭൂമി മെഡിക്കൽ കോളേജിനായി സൗജന്യമായി വിട്ടുനൽകാമെന്ന് എസ്‌റ്റേറ്റ് ഉടമകൾ സമ്മതിച്ചത്. ഭൂമി വിട്ടുനൽകുന്നതിന് പകരമായി ബസ് സ്റ്റാൻഡും മറ്റ് അനുബന്ധ സൗകര്യങ്ങളും ആഛം അടിസ്ഥാനത്തിൽ നിർമ്മിച്ച് നഗരസഭയ്ക്ക് കൈമാറണമെന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്.
നഗരസഭാ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഹാരിസൺ എസ്റ്റേറ്റ് ഭൂമിയിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭഅറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറുമെന്നും വാർത്താസമ്മേളനത്തിൽ നഗരസഭാ അധികൃതർ വ്യക്തമാക്കി.
