ജില്ലയിലെ വിദ്യാർഥികൾക്ക് സൗജന്യ എഐ സൈക്കോമെട്രിക് അസസ്മെന്റ്
കൽപറ്റ: ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സൈക്കോമെട്രിക് അസസ്‌മെന്റ് ടെസ്റ്റ് നടപ്പാക്കുന്നു. കുട്ടികളുടെ അഭിരുചിയും കഴിവുകളും തിരിച്ചറിഞ്ഞ് അവരുടെ ഭാവി പഠനത്തിനും കരിയര്‍ തിരഞ്ഞെടുപ്പിനും കൃത്യമായ ദിശാബോധം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൈക്കോമെട്രിക് അസസ്‌മെന്റുകളില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി പദ്ധതിയില്‍ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നില്ലെന്നതാണ് പ്രത്യേകത. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ 450 വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റ് നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു. സൈക്കോമെട്രിക് അസസ്‌മെന്റ് ടെസ്റ്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷത്തെ മെന്റര്‍ഷിപ്പ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഒതുങ്ങുന്നതല്ല പദ്ധതി, ഓരോ വിദ്യാര്‍ഥിക്കും അനുയോജ്യമായ കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് വണ്‍-ഓണ്‍-വണ്‍ മെന്ററിങ് സെഷനുകള്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അഭിരുചി, കഴിവ് മനസ്സിലാക്കി പഠന-കരിയര്‍ സാധ്യതകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം പദ്ധതിയിലൂടെ ഉറപ്പാക്കും. ആയിരം മുതല്‍ 2000 രൂപ വരെ ചെലവ് വരുന്ന സൈക്കോമെട്രിക് അസസ്‌മെന്റ് ടെസ്റ്റാണ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നത്. പരിപാടിയില്‍ എക്‌സ്ട്രാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഫൗണ്ടറുമായ ജോണ്‍ ജോണ്‍ ആരോഗ്യസ്വാമി, ഇ.വൈ.ജി.ഡി.എസ് സീനിയര്‍ മാനേജര്‍ വി.എസ് വിനോദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷര്‍, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പി.ടി.എ ഭാരവാഹികള്‍, ഭൂമി ടീം അംഗങ്ങള്‍, വൊളൻ്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
