ജി.എച്ച്.എസ്. പെരിക്കല്ലൂരിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
പെരിക്കല്ലൂർ: പെരിക്കല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വരാനിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കായി പ്രത്യേക മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരീക്ഷ ഭയം അകറ്റി ആത്മവിശ്വാസത്തോടെ പഠനത്തെയും പരീക്ഷകളെയും നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എസ്.സി.ഇ.ആർ.ടി. മുൻ റിസർച്ച് ഓഫീസറും ഹയർസെക്കണ്ടറി അധ്യാപകനുമായ ഡോ. ടി. വി. വിനീഷ് ക്ലാസിന് നേതൃത്വം നൽകി. സമയബന്ധിതമായ പഠനരീതികൾ, ഓർമശക്തി വർധിപ്പിക്കാനുള്ള വഴികൾ, പരീക്ഷാഹാളിലെ സമ്മർദ്ദം കുറയ്ക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
ചടങ്ങിൽ ഷിനോ എ. പി. സ്വാഗതം ആശംസിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സ്കൂൾ ലീഡറുമായ റിയ ഫാത്തിമ കെ ആർ നന്ദി രേഖപ്പെടുത്തി. അധ്യാപകരായ രതീഷ് സി.വി, മനു ഇ എം, സിജ എൽദോസ്, റിൻ്റ ജോസ് എന്നിവർ നേതൃത്വം നൽകി.
