Event More NewsFeature NewsNewsPoliticsPopular NewsRecent News

മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ധർണയും യോഗവും നടത്തി

കമ്പളക്കാട്: മടക്കിമലയിൽ വയനാട് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കമ്പളക്കാട് ടൗണിൽ ധർണയും വിശദീകരണ യോഗവും നടത്തി. മഴയിലും നല്ല ജനപങ്കാളിത്തത്തോടെ ആയിരുന്നു പരിപാടി.
ധർണയ്ക്കിടെ അഷ്റഫ് പഞ്ചാര അവതരിപ്പിച്ച ഏകാങ്കനാടകം ശ്രദ്ധേയമായി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിലെത്തും മുമ്പ് മരിച്ചുപോയ ഒരു കുട്ടിയുടെ മൃതദേഹവുമായി പ്രതീകാത്മകമായി റോഡിൽ നിന്നു, വയനാട്ടിൽ മെഡിക്കൽ കോളേജ് ഇല്ലാത്തതിന്റെ ദുരിതം അവതരിപ്പിച്ചായിരുന്നു നാടകം.

ധർണയോടനുബന്ധിച്ച് നടന്ന വിശദീകരണ യോഗത്തിൽ മൊയ്തു കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബാബു കൽപറ്റ യോഗം ഉദ്ഘാടനം ചെയ്തു. ലത്തീഫ് പഞ്ചാര, അബ്ദുൽ കാദർ മടക്കിമല, മുത്തലിബ് പൂഴിത്തോട്.
അഷറഫ് പുലാടാൻ, ഇക്ബാൽ മുട്ടിൽ,
അഷറഫ് സി പി , അഷറഫ് പഞ്ചാര തുടങ്ങിയവർ സംസാരിച്ചു.
വയനാടിന് മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് വേണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 15 മുതൽ അഞ്ച് ദിവസത്തെ ധർണ നടത്താൻ യോഗം തീരുമാനിച്ചു.
പൂഴിത്തോട്, കാരാപ്പുഴ പദ്ധതികൾ പോലെ വയനാട് മെഡിക്കൽ കോളേജ് പദ്ധതിയും ദീർഘകാലം നീണ്ടുപോകുന്ന പദ്ധതിയായി മാറരുതെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി പറഞ്ഞു.

40 വർഷമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ഒരു ഏക്കർ കൃഷിഭൂമിയിൽ പോലും വെള്ളം എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അഡ്വ. ബാബു പറഞ്ഞു. ബാണാസുര സാഗർ ജലവൈദ്യുത പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് വേണ്ടത്ര ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂഴിത്തോട് പദ്ധതിയുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല ആരോഗ്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി, ജില്ലയുടെ മധ്യഭാഗത്തുള്ള മടക്കിമലയിൽ തന്നെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമരപരിപാടികൾ തുടരുന്നതെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *