Event More NewsFeature NewsNewsPoliticsPopular NewsRecent News

വനിതകൾക്കായി മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന പദ്ധതി ആരംഭിച്ചു

മാനന്തവാടി: സ്ത്രീകളെ സാങ്കേതിക തൊഴിൽമേഖലയിലേക്ക് കൂടുതൽ സജ്ജരാക്കുകയും സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേരളത്തിൽ ആദ്യമായി വനിതകൾക്കായി മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന പരിപാടി ആരംഭിച്ചു. നിലവിൽ മൊബൈൽ ഫോൺ റിപ്പയറിങ് പ്രധാനമായും പുരുഷന്മാർ കൈകാര്യം ചെയ്യുന്ന മേഖലയാണ്. മൊബൈൽ ഫോണുകളുടെ അറ്റകുറ്റപ്പണികൾക്കായി സ്ത്രീകൾ കൂടുതലായും പുരുഷ ടെക്‌നീഷ്യൻമാരെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. പലപ്പോഴും വ്യക്തിപരമായ വിവരങ്ങളും സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾക്കും സാമൂഹിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിന് പരിഹാരം കാണുകയും സ്ത്രീകളെ ഈ മേഖലയിൽ പ്രാവീണ്യമുള്ള സംരംഭകരായും സാങ്കേതിക വിദഗ്‌ധരായും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 30 വനിതകൾക്കാണ് അഞ്ച് മാസത്തെ പരിശീലനം നൽകുന്നത്. സെക്ട‌റൽ സ്കിൽ കൗൺസിൽ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ ഓരോ പരിശീലനാർത്ഥിക്കും യാത്രാച്ചെലവിനായി പ്രതിമാസം ?2,500 വീതം ധനസഹായവും നൽകും. പ്ലസ് ടു വിജയിച്ച, 18 മുതൽ 35 വയസ് വരെയുള്ള വനിതകൾക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം. കേരളത്തിൽ നബാർഡ് ആദ്യമായി നടപ്പാക്കുന്ന ഈ സംരംഭം വിജയകരമാകുന്ന പക്ഷം സംസ്ഥാനത്തിൻ്റെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നബാർഡിൻ്റെ പദ്ധതി. സ്ത്രീകൾക്ക് സുരക്ഷിതവും മാന്യവുമായ സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കുകയും, അതോടൊപ്പം സ്ത്രീകൾക്ക് പുതിയ തൊഴിൽസംരംഭക അവസരങ്ങൾ സൃഷ്ട‌ിക്കുകയും ചെയ്യുന്ന ഈ പദ്ധതി ‘ഷീ ടാക്‌സി’ മാതൃകയിൽ രൂപകൽപ്പന ചെയ്‌ത ‘ഷീ മൊബൈൽ റിപ്പയർ യൂണിറ്റുകൾ’ എന്ന ആശയത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീമതി ഉഷ വിജയൻ നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജോയിന്റ് ഡയറക്ട‌ർ ഫാ. ജോണി കുന്നത്ത്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, പ്രോഗ്രാം ഓഫീസർ പി. എ. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ത്രീകൾക്ക് സാങ്കേതിക മേഖലയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനരംഗത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ട‌ിക്കുന്നതിനും ഈ പദ്ധതി മാതൃകാപരമായ ഇടപെടലാകുമെന്ന് പരിപാടിയിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *