ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: ഒന്നര പതിറ്റാണ്ടിലെ ദുരിതത്തിന് അന്ത്യമുണ്ടാകുമോ? തുരങ്കപാതയുൾപ്പെടെയുള്ള ബദൽ മാർഗങ്ങളിൽ പ്രതീക്ഷയർപ്പിച്ച് വയനാട്
സുൽത്താൻ ബത്തേരി- : ഒന്നര പതിറ്റാണ്ടിലേറെയായി മലയാളി യാത്രക്കാരുടെ ഉറക്കംകെടുത്തുന്ന ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കാണാനുള്ള കേരളത്തിന്റെ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നും വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ രാത്രി 9 മണി കഴിഞ്ഞാൽ വനപാതയിലൂടെയുള്ള യാത്ര സാധ്യമാകാതെ വലിയ ദുരിതമാണ് നേരിടുന്നത്. വെറും 19 കിലോമീറ്റർ ദൂരം പിന്നിടാൻ 100 കിലോമീറ്ററിലധികം ദൂരം കുട്ട – മാനന്തവാടി വഴി
അധികമായി സഞ്ചരിക്കേണ്ട ഗതികേടിലാണ് നിലവിൽ യാത്രക്കാർ.
രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കാമെന്ന് കർണാടക സർക്കാർ പലതവണ ഉറപ്പുനൽകിയെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിർപ്പും കന്നഡ വികാരവും കാരണം നടപടികൾ വൈകുകയായിരുന്നു. എന്നാൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി പദത്തിലെത്തിയതോടെ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. വനത്തിനുള്ളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, പ്രിയങ്ക ഗാന്ധി മുന്നോട്ടുവെച്ച 20 കിലോമീറ്റർ നീളത്തിലുള്ള ആറുവരി തുരങ്കപാത എന്ന നിർദ്ദേശത്തിനാണ് ഇപ്പോൾ മുൻഗണന ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കഴിഞ്ഞ മേയിൽ ബന്ദിപ്പൂർ സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു.
നിലവിൽ രാത്രി 9 മണിക്ക് ശേഷം കേരള-കർണാടക ആർ.ടി.സികളുടെ എട്ട് സർവീസുകൾക്കും അടിയന്തര സാഹചര്യങ്ങളിലെത്തുന്ന ആംബുലൻസുകൾക്കും മാത്രമാണ് വനപാതയിലൂടെ കടന്നുപോകാൻ
അനുവാദമുള്ളത്. ആംബുലൻസ് ഡ്രൈവറുടെ ചിത്രമെടുക്കുന്നതടക്കമുള്ള കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ഇവ കടത്തിവിടാറുള്ളൂ. 2009-ൽ വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊല്ലേഗൽ – കോഴിക്കോട്
ദേശീയപാത 766-ൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
പരിസ്ഥിതി സംരക്ഷണവും യാത്രക്കാരുടെ മൗലികാവകാശവും ഒരുപോലെ പരിഗണിക്കുന്ന തുരങ്കപാത പോലുള്ള ബദൽ മാർഗങ്ങളിലൂടെ ഈ നീറുന്ന പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന കാത്തിരിപ്പിലാണ് വയനാടൻ ജനത.
