ബത്തേരിമണ്ഡലത്തിലെവികസനപ്രവർത്തനങ്ങൾവിലയിരുത്തി
ബത്തേരി: നിയോജക മണ്ഡലത്തിലെ റവന്യൂ, വനം, മൈനർ ഇറിഗേഷൻ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുമായി ചേർന്ന അവലോകന യോഗത്തിൽ വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. യോഗത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സീക്കുന്ന്, ഫെയർലാൻഡ്, ഇരുളം, ചതലയം, കിടങ്ങനാട്, ദേവസ്വം പട്ടയങ്ങൾ സംബന്ധിച്ച വിഷയങ്ങളും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികളും യോഗം വിലയിരുത്തി. ജനങ്ങൾക്ക് ഏറെക്കാലമായി പരിഹാരം പ്രതീക്ഷിക്കുന്ന വിഷയങ്ങളിൽ സമയബന്ധിത ഇടപെടൽ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കടുത്ത വരൾച്ച നേരിടുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കൃഷിയാവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ തടയണകൾ നിർമ്മിച്ച് ജലസംഭരണശേഷി വർധിപ്പിക്കാനും വരൾച്ചയുടെ ആഘാതം കുറയ്ക്കാനും നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര പ്രവർത്തനപദ്ധതി തയ്യാറാക്കി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനുമായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.
യോഗത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, എ.സി.എഫ് അജിത് കെ. രാമൻ, ഡി.എഫ്.ഒ ആഷിക്ക് അലി, തഹസിൽദാർ ബി പ്രശാന്ത്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, , സുരേഷ്, ബെന്നി, കൈനിക്കൽ സംഷാദ് മരയ്ക്കാർ, എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
