പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
പൂതാടി: നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിച്ച് ഉത്തരവിറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. ഇരുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതും ഉടൻ പരിഗണിക്കും. പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ സംബന്ധമായ അപേക്ഷകൾ അടുത്ത ഒരു വർഷം കൊണ്ട് പരിഹരിക്കാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവനക്കാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ചെൽസാസിനി, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ ബാലകൃഷ്ണൻ, സിഡ്കോ ചെയർമാൻ ടി മുഹമ്മദ്, ജില്ലാ നിർമിതി കേന്ദ്രം മെമ്പർ സെക്രട്ടറി സജിത്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു
