60 കോടി ക്ലബ്ബിലേക്ക് സാമന്തയുടെ ‘മാ ഇന്റി ബംഗാരം
ഹൈദരാബാദ്: ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് സാമന്ത റൂത്ത് പ്രഭു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘മാ ഇൻ്റി ബംഗാരം’, റിലീസ് ചെയ്തത് ആറാം ദിവസമാകുമ്പോൾ ചിത്രം ലോകമെമ്പാടുമായി 55.71 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ.
ആദ്യ വാരാന്ത്യത്തിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച ചിത്രം, പ്രവൃത്തി ദിവസങ്ങളിലേക്ക് കടന്നതോടെ കളക്ഷനിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും സ്ഥിരത നിലനിർത്തുന്നുണ്ട്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ആറാം ദിവസം ഇന്ത്യയിൽ നിന്ന് ചിത്രം 2.5 കോടി രൂപ നേടി.
തെലുഗ് പതിപ്പാണ് കളക്ഷനിൽ പ്രധാന പങ്കുവഹിച്ചത്. തെലുഗിൽ നിന്ന് 2.35 കോടി രൂപ ലഭിച്ചപ്പോൾ തമിഴ് പതിപ്പ് 15 ലക്ഷം രൂപ നേടി. വിദേശ വിപണിയിൽ നിന്ന് ചിത്രം ആറാം ദിവസം 1 കോടി രൂപ കൂടി സ്വന്തമാക്കി.
ആക്ഷൻ-കോമഡി ശൈലിയിൽ ഒരുക്കിയ ചിത്രം ബി.വി. നന്ദിനി റെഡ്ഡിയാണ് സംവിധാനം ചെയ്തത്. സാമന്തയുടെ പ്രകടനവും കുടുംബ പ്രേക്ഷകരുടെ പിന്തുണയുമാണ് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാൻ കാരണമായത്.
നിലവിലെ കളക്ഷൻ കണക്കുകൾ പ്രകാരം ചിത്രം വളരെ വേഗത്തിൽ 60 കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിടുമെന്നാണ് ട്രേഡ് വൃത്തങ്ങൾ വിലയിരുത്തുന്നത്
