മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി
വയനാട്: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്.
മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരത്തിന്റെ പൂർണമായ കണക്ക് സമർപ്പിക്കാൻ അഗസ്റ്റിൻ സഹോദരങ്ങളോട് കോടതി ആവശ്യപ്പെട്ടിരുന്നു. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാൻ പൊലീസിന് സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശം നൽകിയിരുന്നു. നേരത്തെ, 112 മരങ്ങളുടെതായി 800 തടികളുടെ കണക്കാണ് പൊലീസ് സമർപ്പിച്ചിരുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് പൂർണമായ കണക്ക് കോടതി ആവശ്യപ്പെട്ടത്. മേപ്പാടി റെയിഞ്ച് ഓഫീസിലാണ് മരങ്ങളുടെ കമ്പുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.
അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസുകളിലാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 41 കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
