Event More NewsFeature NewsNewsPoliticsPopular NewsRecent News

നവകേരള യാത്രക്കിടയിലെ മർദനം; അന്വേഷണം എം.ആർഅജിത് കുമാറിന്റെ ഓഫീസിലേക്ക്

ആലപ്പുഴ: നവകേരള യാത്രക്കിടയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീസിലേക്ക് നീളുന്നു. ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉൾപ്പെടെ തിരുത്തിയെന്ന നിർണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.

കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ബോധപൂർവമായ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിൽ വെച്ചാണ് കേസ് ഫയലുകൾ മാറ്റിയെഴുതിയതും വ്യാജ രേഖകൾ ചമച്ചതും. സംഭവത്തിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിന്റെ തെളിവ് ശേഖരണവും എഡിജിപി തടസപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ പൂർണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മർദന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മറച്ചുവെച്ച് പ്രതികൾക്ക് അനുകൂലമായ രീതിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് എസ്ഐടി റിപ്പോർട്ട്.

കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ഫയലുകൾ തിരുത്താൻ കൂട്ടുനിന്ന എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. വ്യാജ നറേറ്റീവ് സൃഷ്ടിക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടന്നോ എന്ന കാര്യവും എസ്പെ്ഐടി വിശദമായി അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *