റവന്യു ഭൂമിയിലെ ഈട്ടിമുറി: അഭിഭാഷകൻ ഹൈക്കോടതിയിലേക്ക്
കല്‍പ്പറ്റ: റവന്യു പട്ടയഭൂമിയില്‍നിന്ന് അനധികൃതമായി ഈട്ടി മുറിച്ചതിന് ചുമത്തിയ പിഴ സ്ഥലം ഉടമ അടയ്ക്കാത്ത സാഹചര്യത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉള്‍പ്പടെ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്ന ആവശ്യവുമായി അഭിഭാഷകന് ഹൈക്കോടതിയിലേക്ക്. വയനാട് ജില്ലാ മുന്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യുവാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. തൃക്കൈപ്പറ്റ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ റീ സര്‍വേ നമ്പര്‍ 591/1ല്‍പ്പെട്ട റവന്യു പട്ടയ ഭൂമിയില്‍നിന്ന് 500 വര്‍ഷം പ്രായം മതിക്കുന്ന ഈട്ടി നിയമവിരുദ്ധമായി മുറിച്ചതിന് ചുമത്തിയ പിഴ നിയമ നടപടികളിലൂടെ ഈടാക്കുന്നതില്‍ റവന്യു അധികൃതര്‍ വീഴ്ച തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കമെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു. ഇതിനു മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോടുള്ള അഡ്വ.പി.ടി. രാജേഷ് മുഖേന ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം വില്ലേജില്‍ കാരയാടില്‍ സ്ഥിരതാമസമുള്ള വനിതയുടെ പേരിലുള്ളതാണ് മരംമുറി നടന്ന ഭൂമി. സര്‍ക്കാരിന് ഉടമാവകാശമുള്ള മരം ഡോ.എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ഇറക്കിയ ഉത്തരവിന്റെ ബലത്തില്‍ 2020 ഡിസംബറിലാണ് മുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരി 11നാണ് കെഎല്‍സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി)നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്. രത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. ഇതിന്റെ മൂന്നിരട്ടിയായ 37,27,416 രൂപയാണ് കെഎല്‍സി നിയമപ്രകാരം വൈത്തിരി തഹസില്‍ദാര്‍ 2024 ഡിസംബര്‍ 19ന് പിഴ ചുമത്തിയത്.
ഭൂവുടമയില്‍നിന്നു പിഴ ഏഴ് ദിവസത്തിനകം ഈടാക്കുന്നതിന് 2025 ഡിസംബര്‍ ഒമ്പതിന് തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. നടപടികളുടെ ഭാഗമായി തൃക്കൈപ്പറ്റ വില്ലേജ് ഓഫിസര്‍ റവന്യു റിക്കവറി പ്രപ്പോസല്‍ തയാറാക്കി 2026 ഫെബ്രുവരി 20ന് തഹസില്‍ദാര്‍ക്ക് നല്കി. പിഴ ഒടുക്കേണ്ട വ്യക്തിക്ക് താമസസ്ഥലത്ത് ഭൂമിയുണ്ടെങ്കില്‍ അത് ജപ്തി നടപടിക്ക് വിധേയമാക്കേണ്ടതിനാല്‍ വയനാട് കളക്ടറേറ്റില്‍നിന്നു മേയ് 22ന് കോഴിക്കോട് ജില്ലാ കളക്ടറുടെ കാര്യാലയത്തിലേക്ക് കത്ത് നല്കി. ഇതിനുള്ള മറുപടിയില്‍ ബന്ധപ്പെട്ട വനിതയ്ക്ക് താമസിക്കുന്ന വില്ലേജില്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ജപ്തി നടപടികള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നാണ് വടകര റവന്യു റിക്കവറി വിഭാഗം ഓഫിസര്‍ അറിയിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പിഴ വസൂല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഇഴയുകയാണ്. പൊതുതാത്പര്യം കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു
