Event More NewsFeature NewsNewsPoliticsPopular NewsRecent News

ബീനാച്ചി-പനമരം റോഡ് രണ്ടുമാസം അടച്ചിടാനുള്ള നീക്കം; പ്രതിഷേധവുമായി നാട്ടുകാർ ;അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു എം.എൽ.എ ഉഷാ വിജയന് നിവേദനം നൽകി

വയനാട്: ബീനാച്ചി-പനമരം പ്രധാന റോഡിൽ മാത്തൂർവയൽ മുതൽ പനമരം വരെ രണ്ടുമാസത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ യാത്രാദുരിതം ഒഴിവാക്കി റോഡ് പ്രവൃത്തി നടത്താൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു മാനന്തവാടി എം.എൽ.എ ഉഷാ വിജയന് നിവേദനം നൽകി.ആയിരക്കണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന പ്രധാന റോഡ് രണ്ടുമാസത്തേക്ക് അടച്ചിടുന്നത് വിദ്യാർത്ഥികൾ, രോഗികൾ, ജീവനക്കാർ, വ്യാപാരികൾ തുടങ്ങി പൊതുജനങ്ങളെ വലിയ ദുരിതത്തിലാക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്കും ആംബുലൻസുകൾക്കും ഉണ്ടാകാവുന്ന യാത്രാപ്രതിസന്ധിയും ഗൗരവമായി കാണേണ്ടതുണ്ടെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മുമ്പ് നടവയൽ ഭാഗത്ത് റോഡ് അടച്ചിട്ട് വാഹനങ്ങൾ പഞ്ചായത്ത് റോഡിലൂടെ തിരിച്ചുവിട്ടപ്പോൾ ഉണ്ടായ ദുരനുഭവം നാട്ടുകാർക്ക് ഇപ്പോഴും മറക്കാനായിട്ടില്ല. അശാസ്ത്രീയമായ ഗതാഗതക്രമീകരണം മൂലം പഞ്ചായത്ത് റോഡ് തകരുകയും യാത്രാദുരിതം രൂക്ഷമാകുകയും ചെയ്‌തിരുന്നു. ഈ അനുഭവം നിലനിൽക്കെ വീണ്ടും സമാനമായ രീതിയിൽ ഗതാഗതം തിരിച്ചുവിടാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്

ഡിസംബർ 19 മുതൽ ജനുവരി 1 വരെ നടക്കുന്ന നടവയൽ ഫെസ്റ്റിനെയും റോഡ് അടച്ചിടൽ പ്രതികൂലമായി ബാധിക്കും. ഫെസ്റ്റിനെത്തുന്ന ആയിരക്കണക്കിന് ആളുകൾക്കും വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

റോഡ് വികസന പ്രവൃത്തികൾക്ക് തടസ്സം നിൽക്കാനല്ല, മറിച്ച് ജനങ്ങളെ ദുരിതത്തിലാക്കാത്ത രീതിയിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പൂർണമായി അടച്ചിടുന്നതിന് പകരം ഒരു വശത്തുകൂടി നിയന്ത്രിത ഗതാഗതം അനുവദിച്ചോ ഘട്ടംഘട്ടമായി പ്രവൃത്തി നടത്തിയോ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം.

റോഡ് അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും നടവയൽ ഫെസ്റ്റ് കാലയളവിൽ ഗതാഗതം തടസ്സപ്പെടാതിരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വിളിച്ച് പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *