സാസ്കി, എസ്ഡിആർഎഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ
കൽപ്പറ്റ: സാസ്കി, എസ്ഡിആർഎഫ് എന്നിവയ്ക്കു കീഴിൽ വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ പുരോഗതി തൃപ്‌ികരമാണെന്ന് സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ വി. വിസ്നേശ്വരി പറഞ്ഞു. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ കളക്‌ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കണമെന്ന് കമ്മീഷണർ നിർദേശിച്ചു. സാസ്കി, എസ്‌ഡിആർഎഫ് പദ്ധതികൾക്കായി ആവശ്യത്തിന് ഫണ്ട് ലഭ്യമാണ്. പദ്ധതികൾ അവസാന ഘട്ടത്തിലേക്ക് നീട്ടിവെക്കാതെ കൃത്യസമയത്ത് തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാൻ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും കമ്മീഷണർ നിർദേശിച്ചു.
മുട്ടിൽമേപ്പാടി റോഡിൻ്റെ പ്രവൃത്തികൾ, ജില്ലയിലെ അഞ്ച് ഹെലിപാഡുകളുടെ നിർമ്മാണം, പനമരം, തൊണ്ടർനാട്, വൈത്തിരി ഫയർ സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ, ഷെൽട്ടർ ഹോമുകളുടെ നിർമ്മാണം, പുന്നപ്പുഴ പുനരുദ്ധാരണം, മേപ്പാടി നത്തംകുനിയിൽ 22.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 15 എം എൽ ഡി യുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം
തുടങ്ങിയ വിവിധ പ്രവൃത്തികൾ യോഗത്തിൽ വിലയിരുത്തി. ജില്ലാ കളക്‌ടർ വി ചെൽസാസിനി, കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, ഡയറക്‌ടർ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഒ ജെ അരുൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
