Feature NewsNewsPopular NewsRecent News

തൊഴിൽ മേഖല തകർച്ചയിലേക്ക്; സർക്കാരുകൾ തൊഴിലാളികളെ അവഗണിക്കുന്നു: ബി.എം.എസ്.

കൽപ്പറ്റ: കേരളത്തിലെ തൊഴിൽ മേഖലയെ തകർക്കുന്ന നയങ്ങളാണ് കഴിഞ്ഞ പത്ത് വർഷമായി ഇടതുസർക്കാരും ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നതെന്ന് ഭാരതീയ മസ്‌ദൂർ സംഘം (ബി.എം.എസ്) സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി. ബാലചന്ദ്രൻ ആരോപിച്ചു. കൽപ്പറ്റയിൽ നടന്ന ബി.എം.എസ് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാവസായിക, കാർഷിക, പ്ലാൻ്ഷൻ, അസംഘടിത തൊഴിൽ മേഖലകളെ തകർക്കുന്ന നയങ്ങളാണ് സർക്കാരുകൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴിലില്ലായ്മ വ്യാപകമാകുകയും കുറഞ്ഞ വരുമാനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു.

തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഇല്ലാതാക്കുന്നതിനൊപ്പം തൊഴിൽ സുരക്ഷിതത്വവും തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്ട‌പ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് തൊഴിലാളികളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഭാരതീയ മസ്‌ദൂർ സംഘം (ബി.എം.എസ്) വയനാട് ജില്ലാ പ്രസിഡന്റായി അഡ്വ. എ.വി രഞ്ജിത്ത്, സെക്രട്ടറിയായി കെ സന്തോഷ്‌കുമാർ, ട്രഷററായി മനോജ് ബത്തേരി എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *